കിണറുകള്‍ വറ്റി, പൈപ്പുവെള്ളവുമില്ല : വാഴപ്പള്ളിയില്‍ ശുദ്ധജലക്ഷാമം
1516070
Thursday, February 20, 2025 6:38 AM IST
ചങ്ങനാശേരി: കിണറുകള്‍ വറ്റി, പൈപ്പുവെള്ളവും യഥാസമയം എത്തുന്നില്ല. വാഴപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലക്ഷാമം. ചെത്തിപ്പുഴ, ആറ്റുവാക്കേരി, വടക്കേക്കര, ഇല്ലത്തുപടി, പുതുച്ചിറ, മുട്ടത്തുപടി, ഏനാചിറ, പുതുച്ചിറ, പുറക്കടവ്, തുരുത്തി ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം നേരിടുന്നത്. വേനല്‍ച്ചൂട് കടുത്തതോടെയാണ് ശുദ്ധജലക്ഷാമം നേരിട്ടുതുടങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളില്‍ ആവശ്യത്തിനു വെള്ളം എത്താതായതോടെയാണ് ജനങ്ങള്‍ ദുരിതത്തിലായത്.
കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടതോടെ ആളുകള്‍ ശുദ്ധജലം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ ലോറികളിലെത്തിക്കുന്ന വെള്ളം വലിയ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളത്.
വടക്കേക്കര, പുതുച്ചിറ, ചീരഞ്ചിറ, മണ്ണാത്തിപ്പാറ, പുറക്കടവ് ഭാഗങ്ങളിലാണ് ജനങ്ങള്‍ വെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. അരിയും പച്ചക്കറിയും വിലകൊടുത്തു വാങ്ങേണ്ടി വരുന്നതിനുപുറമേ ശുദ്ധജലംകൂടി വില കൊടുത്തു വാങ്ങേണ്ടി വരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്ക്കിടയാക്കുമെന്ന് കൂലിപ്പണിക്കാരായ ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജലത്തിനു ക്ഷാമം നേരിടുമ്പോഴും കുരിശുംമൂട് ജംഗ്ഷനില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. കഴിഞ്ഞയാഴ്ച ചെത്തിപ്പുഴ-വടക്കേക്കര റോഡില്‍ ദിവസങ്ങളോളം പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെട്ടിരുന്നു.
ശുദ്ധജല വിതരണത്തിന് കളക്ടറുടെ ഉത്തരവിറങ്ങിയില്ല
ശുദ്ധജല വിതരണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഓണ്ഫണ്ടില്നിന്നും 18 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിച്ചിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയാല്‍ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് ശുദ്ധജലവിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കും.
മിനി വിജയകുമാര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
വാഴപ്പള്ളി