വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന് സമര്‍പ്പണവും സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനവും
1516129
Friday, February 21, 2025 12:00 AM IST
വാഴൂര്‍: മിനി സിവില്‍ സ്റ്റേഷന് കെട്ടിട സമര്‍പ്പണവും സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനവും രജിസ്ട്രേഷന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഇന്നു വൈകുന്നേരം നാലിനു നിര്‍വഹിക്കുമെന്നു ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 1.60 കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
വാഴൂര്‍ മേഖലയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ ഇനി സര്‍ക്കാര്‍ കെട്ടിടത്തിലേക്കു മാറ്റി ഒരു കുടക്കീഴില് പ്രവര്‍ത്തിക്കും. വാഴൂര്‍ സബ് രജിസ്ട്രാര്‍, പൊതുമരാമത്ത് സെക്ഷന്‍, ബ്ലോക്ക്തല ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍, വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഓഫീസുകളാണ് ഇവിടേക്കു മാറ്റുന്നത്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഒരിടത്ത് പ്രവര്‍ത്തിപ്പിക്കുന്ന യത്നത്തിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്റെ നിര്‍മാണം. ഭാവിയില്‍ മറ്റ് ഓഫീസുകള്‍ ഈ മേഖലയില്‍ അനുവദിച്ചാല്‍ അവകൂടി ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സിവില്‍ സ്റ്റേഷൻ സമുച്ചയത്തില്‍ സുലഭമായി ജലലഭ്യത ഉറപ്പ് വരുത്താന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഒന്‍പതു ലക്ഷം രൂപ ചെലവഴിച്ചു മഴവെള്ള സംഭരണി, കുഴല്‍കിണര്‍, പമ്പ്സെറ്റ്, പൈപ്പ് ലൈനുകള്‍ എന്നിവയും സ്ഥാപിച്ചു.
വാഴൂര്‍ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. രജിസ്ട്രേഷന് ഐജി ശ്രീധന്യ സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, ജനപ്രതിനിധികളായ ഗീത എസ്. പിള്ള, ഡി. സേതുലക്ഷ്മി, ടി.എന്‍. ഗിരീഷ് കുമാര്‍, ഷാജി പാമ്പൂരി, പി.എം. ജോണ്‍, ലതാ ഷാജന്, ജിജി നടുവത്താനി, പി.ജെ. ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.