കാഞ്ഞിരപ്പള്ളി ബൈപാസ്: മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു
1516436
Friday, February 21, 2025 10:30 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മേല്‍പാലം നിർമാണം ആരംഭിച്ചു. ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മീതെയാണ് പാലം നിര്‍മിക്കുന്നത്. ആകെ നാല് തൂണുകളാണ് മേല്‍പാലത്തിനുള്ളത്. ഇതിൽ രണ്ടു തൂണുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്.
മണിമല റോഡിന്റെ ഭാഗത്തു വരുന്ന തൂണുകള്‍ പിന്നീട് നിര്‍മിക്കും. മണിമല റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിനാലാണ് നിര്‍മാണം വൈകുന്നത്. ചിറ്റാര്‍പുഴയുടെ ഒഴുക്ക് തടസപ്പെടുത്താത്ത രീതിയിലാണ് തൂണുകള്‍ നിര്‍മിക്കുന്നത്. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്നിന്നാരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെ മേല്‍പാലം നിര്‍മിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്നതാണ് ബൈപാസ്.