പാതിവില തട്ടിപ്പ്: തലയോലപ്പറമ്പിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു
1516419
Friday, February 21, 2025 7:20 AM IST
തലയോലപ്പറമ്പ്: പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിൽ തലയോലപ്പറമ്പിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. പാതിവിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായുള്ള തലയോലപ്പറമ്പ് അടിയം സ്വദേശിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ സ്വദേശിനി സിജി സുരേഷിനെതിരേയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സീഡ് സൊസൈറ്റി വഴിയാണ് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സൊസൈറ്റിയിൽ മെംബർഷിപ്പ് എടുക്കുന്നതിനായി 320 രൂപ സിജി സുരേഷിന്റെ അക്കൗണ്ടിൽ ഗൂഗിൾ പേ ചെയ്തു നൽകുകയും തുടർന്ന് സിജി സുരേഷ് അഡ്മിൻ ആയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു.
ഈ ഗ്രൂപ്പിൽ ടൂവീലർ ലഭിക്കുന്നതിനുവേണ്ടി ഉപഭോക്തൃ വിഹിതം തൊടുപുഴ ഈയാട്ടുമുക്ക് എച്ച്ഡിഎഫ്സി ബ്രാഞ്ചിൽ ഇവർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് നെഫ്റ്റ്വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ട പ്രകാരം 56,000 കൈമാറി. തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മാസം ഗൃഹോ പകരണങ്ങൾക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് കേരള ഗ്രാമീൺ ബാങ്കിൽ കുറുപ്പന്തറ ശാഖയിലെ മറ്റൊരാളുടെ അക്കൗണ്ടിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇയ്യാട്ടുമുക്ക് ശാഖയിലേക്ക് സെപ്റ്റംബർ ഏഴിന് 10,000 രൂപയും 11ന് 17,740 രൂപയും അടച്ചു.
വാഹനം നൽകുന്നതിന് മുമ്പ് നോട്ടറിയുമായി എഗ്രിമെന്റ് വയ്ക്കുന്നതിനായി കുടയത്തൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ വിളിച്ചുവരുത്തി 200 രൂപ മുദ്രപത്രത്തിൽ ഒപ്പിടീക്കുകയും നോട്ടറി ഫീസായി 500 രൂപ വാങ്ങിയതായും പരാതിയിൽപറയുന്നു.തുടർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വാഹനവും ഗൃഹോപകരണങ്ങളും ലഭിക്കാതെ വന്നതോടെയും കൂടുതൽ തട്ടിപപ്പുകൾ പുറത്തായതോടെയുമാണ് യുവതി പരാതിയുമായി എത്തിയത്. തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.