ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളില്‍ ഭൂമി സര്‍വേ
1516408
Friday, February 21, 2025 7:10 AM IST
കോട്ടയം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിലെ ഭൂമിയുടെ സര്‍വേ നടത്തുന്നതിനുള്ള നാഷണല്‍ ജിയോസെപ്ഷന് നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വേ ഓഫ് അര്‍ബൻ ഹാബിറ്റേഷന്‍ (എന്എകെഎസ്എച്ച്എ) പദ്ധതിയുടെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കം.
പദ്ധതിയിലൂടെ സ്വകാര്യ ഭൂമികള്‍, ഒഴിഞ്ഞ പ്ലോട്ടുകള്‍, പൊതുസ്വത്തുക്കള്‍, റെയില്‍വേ വകുപ്പിന്റെ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാന്‍ഡ്, റോഡ്, ഇടവഴികള്‍, തോടുകള്‍, ശ്മശാനം, ജല പൈപ്പ് ലൈന്‍, വൈദ്യുതി ലൈന്‍, യുജിഡി ലൈന്‍, ടെലിഫോണ്‍ ലൈന്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സര്‍വേ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നഗരസഭയുടെയും സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി കൃത്യമായ ലാന്‍ഡ് രേഖകള്‍ തയാറാക്കും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരസഭകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുന്നത്.
ഉദ്യോഗസ്ഥര്‍ സര്‍വേ ജോലിക്കായി എത്തുമ്പോള്‍ ഭൂവുടമകള്‍ ഭൂമിയുടെ അതിരുകളും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പരിശോധനയ്ക്കായി നല്‍കണം. ഭൂമി അളന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. ആശ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭ വൈസ് ചെയര്മാന് പി.ടി. സുഭാഷ് തുടങ്ങിയ വർ പങ്കെടുക്കും.