ചങ്ങനാശേരി നഗരസഭാ മാസ്റ്റര്‍പ്ലാന്‍ പരിഷ്കരണം: ഡ്രോണ്‍ സര്‍വേ തുടങ്ങി
1516423
Friday, February 21, 2025 7:28 AM IST
ചങ്ങനാശേരി: നഗരസഭയ്ക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0യുടെ ഉപപദ്ധതിയായ ജിസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് നിയോ ബജിയോ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ ചങ്ങനാശേരി നഗരസഭയില്‍ ആണ് ഡ്രോണ്‍ സര്‍വേ ആദ്യമായി നടത്തുന്നത്. നഗരസഭ കാര്യാലയ അങ്കണത്തില്‍ വച്ച് ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഡ്രോണ്‍ സര്‍വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്,
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസ വര്‍ഗീസ്, മുന്‍ചെയര്‍പേഴ്സണ്‍ ബീന ജോബി, നഗരസഭാ സെക്രട്ടറി സജി എല്‍.എസ്., എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുരേഷ് കുമാര്‍ എസ്. എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും പാതകള്‍, പാലങ്ങള്‍ മറ്റു നിര്‍മിതികള്‍ എന്നിവ കൃത്യമാക്കുന്നതിനും കൃഷി, മൃഗസംരക്ഷണം, വ്യവസായം ടൂറിസം തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനും മാസ്റ്റര്‍ പ്ലാന്‍ സഹായിക്കും.
ചങ്ങനാശേരി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ നഗരസഭകളില്‍ ഒന്നാണ്. 1984 ചങ്ങനാശേരി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും 2012ല്‍ പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ റിവിഷന്‍ നടത്തുകയും സര്‍ക്കാര്‍ വിജ്ഞാപനത്തിനായി കൗണ്‍സില്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.