ചെക്ക് ഡാം തുറന്നുവിട്ടതായി പരാതി
1516476
Friday, February 21, 2025 11:48 PM IST
മുണ്ടക്കയം: മണിമലയാറിനു കുറകേയുള്ള വെള്ളനാടി ചെക്കു ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടതായി ആക്ഷേപം. സംഭവം ശ്രദ്ധയിൽപ്പെട്ട മുണ്ടക്കയം പഞ്ചായത്ത് പോലീസിൽ പരാതി നൽകി. മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പമ്പ് ഹൗസ് പ്രവർത്തിക്കുന്നത് ഈ ചെക്ക് ഡാമിലെ വെള്ളം ഉപയോഗിച്ചാണ്. വേനൽ കനത്ത് മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യവുമാണുള്ളത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധ ചെക്കുഡാമിന്റെ ഒരു ഷട്ടർ തുറന്നുവിട്ട് വെള്ളം പാഴാക്കി കളഞ്ഞത്.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ചെക്ക് ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധ തുറന്നുവിട്ടിരുന്നു. കുടിവെള്ള വിതരണ ലോബിയാണോ ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ചെക്ക് ഡാമിലെ ജലനിരപ്പ് താഴ്ന്നാൽ ഇതിനോടനുബന്ധിച്ചുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനം നിലയ്ക്കും. ഇതോടെ മുണ്ടക്കയം ടൗൺ മേഖലയിലെ ആളുകൾ വെള്ളം വിലയ്ക്കു വാങ്ങേണ്ടി വരും. അതേസമയം മേഖലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.