ഓടയിലേക്ക് മാലിന്യം ഒഴുക്കൽ : പരിശോധനയുമായി ആരോഗ്യവകുപ്പ്
1516411
Friday, February 21, 2025 7:20 AM IST
കടുത്തുരുത്തി: കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ കടന്നുപോകുന്ന പൊതുഓടയിലേക്ക് ഹോട്ടലില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്ന സംഭവത്തില്‍ പരിശോധനയുമായി ആരോഗ്യവകുപ്പ്.
പൊതു ഓടയിലേക്ക് മാലിന്യം തള്ളുന്നതിനെത്തുടര്ന്ന് ടൗണില്‍ ദുര്‍ഗന്ധം വ്യാപിക്കുന്നതും സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യുവിന്റെ നേതൃത്വത്തില്‍ സംഭവം സംബന്ധിച്ചു നേരിട്ട് പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയത്.
സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പഴയ പഞ്ചായത്ത് ഓഫീസിനു മുന്‍വശം മുതല്‍ പൊതു ഓടയില്‍ മാലിന്യം കെട്ടിക്കി ടക്കുന്ന സ്ഥിതിയാണ്. വ്യാപാര സ്ഥാപനങ്ങളിലും ടൗണിലും നില്ക്കാന് പറ്റാത്ത അവസ്ഥയാ ണെന്ന് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും പരിശോധക സംഘത്തോട് പരാതിപ്പെട്ടു.
ഓടയില്‍ മാലിന്യം കെട്ടിനില്‍ക്കുന്നതിനാല്‍ കിണറുകള്‍ മലിനമാകുന്ന കാര്യവും സംഘത്തിന് ബോധ്യപ്പെട്ടു. ഇത്തരത്തില്‍ മലിനമായതിനെത്തുടര്‍ന്ന് രണ്ട് കിണറുകള്‍ മൂടിയ കാര്യം പരിസരവാസികള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഓടയില്‍ കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും ടൗണിലും പരിസരത്തും ദുര്‍ഗന്ധം വ്യാപിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കടുത്തുരുത്തി ടൗണില്‍ സ്ഥിതി ചെയ്യുന്ന ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സില്‍നിന്നുള്ള ശുചിമുറി മാലിന്യങ്ങളും ഓടയിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടു. ശുചിമുറി മാലിന്യം സംഭരിച്ചിരുന്ന ടാങ്ക് നിറഞ്ഞതാണ് ഇതിനിടയാക്കിയത്. ഇതുമൂലം ദുര്‍ഗന്ധം വ്യാപിക്കുകയാണ്.
നാട്ടുകാരും വ്യാപാരികളും പ്രശ്നം ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കടുത്തുരത്തി കുരീക്കല്‍ ഹോട്ടല്‍ ഉടമയ്ക്കു നോട്ടീസ് നല്കി. ഹോട്ടലിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ സൈസില്‍ ടാങ്ക് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കൂടാതെ ഓടയിലെ മാലിന്യം അടിയന്തരമായി കഴുകി വൃത്തിയാക്കണമെന്നും മേലില്‍ ഓടയിലേക്കു മാലിന്യം ഒഴുക്കരുതെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തത്തുടര്‍ന്ന് രാത്രിതന്നെ ഹോട്ടലുടമ ഓട കഴുകി വൃത്തിയാക്കി. ദേവസ്വം ഓഫീസറെ നേരിട്ടു കണ്ട് കെട്ടിടത്തിലെ മാലിന്യം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ഇപ്പോഴുള്ള ശുചിമുറി ഉപയോഗപ്രദമല്ലെന്നും പുതിയ ശുചിമുറി നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്കി.
മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപെട്ടിട്ടുണ്ട്. നല്‍കിയിരിക്കുന്ന നോട്ടീസുകള്ക്കനുസരിച്ചുള്ള മറുപടികളും തുടര്‍നടപടികളും ഉണ്ടാകുമെന്നും പരിശോധനയ്ക്കു നേതൃത്വം നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യു അറിയിച്ചു.