പാലാ വികസനമാതൃക ദുര്‍ബലമാകാൻ പാടില്ല: ജോസ് കെ. മാണി എംപി
1516084
Thursday, February 20, 2025 10:40 PM IST
പാലാ: കാലങ്ങളായി കെട്ടിപ്പടുത്ത പാലാ വികസനമാതൃക ദുര്‍ബലമാകാന്‍ പാടില്ലെന്നും പാലായെ പുരോഗതിയിലേക്കു നയിക്കുന്ന ബൃഹദ്പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി എംപി പാലായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറവിലങ്ങാട്ട് നിര്‍മാണം പുരോഗമിക്കുന്ന സയന്‍സ് സിറ്റിയും പാലാ ഐഐഐടിയും ഇതോടൊപ്പം നിര്‍മിക്കുന്ന ഇന്‍ഫോസിറ്റിയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റും പാലാ കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിനു സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 10 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററിന്റെ നിര്‍മാണം കേന്ദ്ര ഗവണ്മെന്റിന്റെ പൂര്‍ണമായ മുതല്‍മുടക്കില്‍ ഇതിനോടകം പൂര്‍ത്തിയായി.
പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. നാളെ ബിരുദ സമര്‍പ്പണ ചടങ്ങ് നടക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് മുഖ്യാതിഥി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.