എംസി റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴി
1516401
Friday, February 21, 2025 7:10 AM IST
ഏറ്റുമാനൂർ: എംസി റോഡിലെ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. ഏറ്റുമാനൂർ പോസ്റ്റ് ഓഫീസിനു സമീപം കലുങ്കിനോടു ചേർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.
നിർമാണത്തിലെ അപാകത മൂലമാണ് കലുങ്കിനോടു ചേർന്ന് റോഡിൽ കുഴി രൂപപ്പെട്ടത്. കലുങ്കിനോടു ചേർന്ന ഭാഗം ശരിയായി ഉറപ്പിക്കാതെ ടാർ ചെയ്തതുമൂലം റോഡ് താഴുന്നതാണ് പ്രശ്നമാകുന്നത്. പല തവണ ഇവിടെ ടാർ ഉപയോഗിച്ച് കുഴി അടച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കലുങ്കിനോടു ചേർന്ന് റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകി. ഇപ്പോൾ ഈ കട്ടകളും താഴ്ന്ന് കുഴിയായിരിക്കുകയാണ്.
പലതവണ ടാർ ഉപയോഗിച്ച് കുഴി നികത്തിയതിനെത്തുടർന്ന് രൂപപ്പെട്ട മുഴകൾകൂടിയാകുമ്പോൾ വാഹനയാത്ര ദുഷ്കരമാകുന്നു. വാഹനങ്ങൾ കുഴിയിൽ ചാടുന്നതോടെ യാത്രക്കാരുടെ നടുവൊടിയുകയാണ്.
കലുങ്കിനോടു ചേർന്ന റോഡിന്റെ ഭാഗം ആഴത്തിൽ ബലപ്പെടുത്തിയ ശേഷം ടാർ ചെയ്താലേ പ്രശ്നത്തിനുപരിഹാരമാകുകയുള്ളു. കോട്ടയം മുതൽ മൂവാറ്റുപുഴ വരെ എംസി റോഡ് പരിപാലനത്തിന് ഒരു കമ്പനിക്ക് കരാർ നൽകിയിട്ടുള്ളതാണ്. പക്ഷേ ഇവിടേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ല.