കേന്ദ്രസര്‍ക്കാര്‍ പാഡി ബോര്‍ഡ് രൂപീകരിക്കണം; കുട്ടനാടിന് പ്രത്യേക പരിഗണന നല്‍കണം: കൊടിക്കുന്നില്‍ സുരേഷ് എംപി
1516425
Friday, February 21, 2025 7:28 AM IST
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പാഡി ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റിന്റെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയ്ക്കുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. നെല്ലറയായി അറിയപ്പെടുന്ന കുട്ടനാടിനെ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിസ്ഥിതിയുള്ള കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കണമെന്നും കുട്ടനാട്ടില്‍നിന്നും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ദേശീയതലത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.
കൃഷി വിജ്ഞാന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എംപിമാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നുള്ള ആവശ്യവും കുട്ടനാട്ടിലെ പ്രധാന കാര്ഷികവൃത്തിയായ നെല്‍കൃഷിയുമായി ബന്ധപ്പെട്ട് കുട്ടനാട്ടില്‍ കൃഷി വിജ്ഞാന് കേന്ദ്രം ആരംഭിക്കണമെന്നും ഇതിനൊപ്പം നാഷണല്‍ സീഡ് കോര്‍പറേഷന്റെ പ്രാദേശിക കേന്ദ്രം കുട്ടനാട്ടില്‍ അനിവാര്യമാണെന്നും യോഗത്തില്‍ എംപി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനൊപ്പം കുട്ടനാട്ടിലെ ബണ്ട് നിര്‍മാണവും ബണ്ട് ബലപ്പെടുത്തലും പ്രത്യേക പരിഗണനാവിഷയങ്ങളായി കേന്ദ്ര കൃഷി മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും മടവീഴ്ചയുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരങ്ങള്‍ കാലതാമസം കൂടാതെ നല്‍കണമെന്നും എംപി പറഞ്ഞു.
കാലാകാലങ്ങളില്‍ പക്ഷിപ്പനിയുടെ പേരുപറഞ്ഞ് പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും കള്ളിംഗ് നടത്തിയ വകയില്‍ കര്‍ഷകര്‍ക്ക് നല്കുവാനുള്ള നഷ്ടപരിഹാരത്തിന്റെ കേന്ദ്ര വിഹിതം വേഗത്തില്‍ ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.