ഉപ്പുവെള്ളത്തില്‍ പുഞ്ച നെല്ല് പതിരായി
1516090
Friday, February 21, 2025 12:00 AM IST
കോട്ടയം: തോട്ടപ്പള്ളി സ്പില്‍വേ യില്‍നിന്നുള്ള ഉപ്പുവെള്ളം കയറി കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വിവിധ പ്രദേശങ്ങളില്‍ പുഞ്ചക്കൊയ്ത്തിന് പാകമായ നെല്ല് നശിച്ചു. ആലപ്പുഴ ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ലവണാംശത്തിന്റെ തോത് 5.5 കടന്നു.
നെല്‍പ്പാടങ്ങളില്‍ ലവണാംശത്തിന്റെ അനുവദനീയമായ പരമാവധി തോത് 2.5 ആണ്. ഉപ്പുവെള്ളത്തില്‍ നെല്ല് ചീഞ്ഞൊടിയുന്നതിനൊപ്പം കതിര് അപ്പാടെ വറ്റി പതിരാകും. കൊയ്ത് മെതിച്ചാല്‍ അരി ഉപയോഗക്ഷമമാവില്ല. തൂക്കവുമുണ്ടാകില്ല. ഇത്തരം നെല്ല് മില്ലുകള്‍ സംഭരിക്കില്ല. ഇതോടെ ഒട്ടേറെ പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുക്കാതെ നെല്ല് ഉപേക്ഷിച്ചുകഴിഞ്ഞു. പമ്പാനദിയില്‍നിന്നു വെള്ളം പാടങ്ങളിലേക്ക് ഒഴുക്കി ഉപ്പിന്റെ തോത് കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലായിട്ടില്ല.
വൃശ്ചികവേലിയേറ്റത്തില് ഓരുമുട്ടുകള്വഴി കുട്ടനാട്ടിലെ ജലാശയങ്ങളിലെത്തിയ ഓരുവെള്ളമാണ് നെല്‍കൃഷിക്ക് ഭീഷണിയായിരിക്കുന്നത്. വിത കഴിഞ്ഞാല്‍ എട്ടു മുതല്‍ നൂറാം ദിവസം വരെ നെല്‍ച്ചെടികള്‍ക്ക് വെള്ളം ആവശ്യമാണ്. കൊയ്ത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് പാടങ്ങളില്‍നിന്ന് വെള്ളം ഇറക്കുന്നത്. വേനല്‍ കനത്തതോടെ പാടങ്ങളില്‍ വെള്ളം വറ്റി ഉപ്പ് ഉറഞ്ഞിട്ടുണ്ട്. ലവണാംശം മാറാതെ അടുത്ത വിരിപ്പ് കൃഷിക്ക് വിത്തിറക്കാനാവില്ല. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകളിലൂടെ ഓരുവെള്ളം കയറി കൈപ്പുഴ പ്രദേശത്തും നെല്ലിന് നാശമുണ്ടായി. പുഞ്ചക്കൊയ്ത്ത് തുടങ്ങിയ വേളയിലും ഓരുവെള്ളത്തിന്റെ തോത് വര്‍ധിച്ചുവരികയാണ്.
കുടിശിക ബാക്കി,
കടം പെരുകി
കോട്ടയം: കഴിഞ്ഞ വിരിപ്പ് കൃഷിയില്‍ ഡിസംബര്‍ മൂന്നാം വാരം വരെ പാഡി രസീത് നല്കിയ കര്‍ഷകര്‍ക്കു മാത്രമാണ് പണം ലഭിച്ചത്. നെല്ലിന്റെ പണം ഉടന്‍ കൊടുക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപനമിറക്കിയിട്ട് ഒരു മാസം പിന്നിടുമ്പോഴും ജില്ലയില്‍ 30 കോടി രൂപ കുടിശികയുണ്ട്. ഡിസംബറിലും ജനുവരിയും സപ്ലൈകോയ്ക്ക് നെല്ല് നല്കിയ അയ്യായിരത്തിലേറെ കര്‍ഷകരാണ് ബാധ്യതയിലായത്. 2023ല്‍ സംഭരിച്ച പുഞ്ചനെല്ലിന് അഞ്ചു കോടി രൂപ കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്.