മെഡിക്കൽ കോളജ് ആശുപത്രി നേത്ര വിഭാഗത്തിൽ ലേസർ, ഒസിടി മെഷീനുകൾ തകരാറിൽ
1516402
Friday, February 21, 2025 7:10 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്ര വിഭാഗത്തിലെ ലേസർ മെഷീനും ഒസിടി മെഷീനും മാസങ്ങളായി തകരാറിൽ. ഇതുമൂലം നേത്രസംബന്ധമായ രോഗം ബാധിച്ചവർ ദുരിതത്തിൽ. ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന രോഗികളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്.
ആശുപത്രിയിൽ വന്നു കഴിയുമ്പോഴാണ് മെഷീൻ തകരാറിലായ വിവരമറിയുന്നത്. ചികിത്സ കിട്ടാതെ മാസങ്ങളായിട്ടും ലേസർ, ഒസിടി മെഷീനുകളുടെ തകരാർ പരിഹരിക്കാനോ പുതിയത് ഏർപ്പെടുത്താനോ ആശുപത്രി അധികൃതർക്കു സാധിച്ചിട്ടില്ല.
കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിന് ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിംഗ്, ഞരമ്പിന്റെ കട്ടി എന്നിവ കണ്ടെത്തുന്നതിന് കണ്ണിൽ സ്കാൻ ചെയ്യുന്നതിനാണ് ഒസിടി മെഷീൻ ഉപയോഗിക്കുന്നത്. ലേസറും ഒസിടിയും എടുക്കുന്നതിന് രോഗികൾ പുറത്തെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്.
അതേസമയം, കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്കും പല രോഗികളെയും ഒസിടിക്കായി പറഞ്ഞയക്കുന്നുണ്ട്. ഇവിടെ ഒസിടി മെഷീൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രിന്റർ കേടാണ്. ഇതേത്തുടർന്ന് റിസൽസട്ടിന്റെ പ്രിന്റ് എടുക്കാൻ കഴിയില്ല. ജില്ലാ ജനറൽ ആശുപത്രിയിൽനിന്ന് ഒസിടി സ്കാനിന്റെ പകർപ്പ് രോഗികളുടെ ഫോണിലെ വാട്ട്സാപിലേക്ക് അയയ്ക്കും. ഇതുമായി രോഗി സ്വകാര്യ കംപ്യൂട്ടർ സെന്ററുകളിലെത്തി പ്രിന്റെടുക്കണമെന്നതാണ് അവിടത്തെ സ്ഥിതി.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേസർ, ഒസിടി മെഷീനുകൾ മാസങ്ങളായി തകരാറിലായിട്ടും പരിഹരിക്കാത്തത് രോഗികളെ വിഷമ വൃത്തത്തിൽ തളച്ചിടുന്നതിന് തുല്യമാണെന്നാണ് രോഗികൾ പറയുന്നു.