റാഗിംഗ് കേസ്: ജുഡീഷല്‍ കസ്റ്റഡി കാലാവധി അവസാനിച്ചു
1516100
Friday, February 21, 2025 12:00 AM IST
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ ആറ് ജൂണിയര്‍ വിദ്യാര്‍ഥികളെ മാരകമായി പരിക്കേൽപ്പിച്ച റാംഗില്‍ കേസില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു.
രണ്ടു ദിവസത്തെ കസ്റ്റഡികാലയളവില്‍ റാഗിംഗ് നടത്തിയ ഹോസ്റ്റല്‍ മുറികളില്‍ പ്രതികളെ എത്തിച്ച് ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് നടത്തി. അതിക്രമത്തിനിരയായ ജൂണിയര്‍ വിദ്യാര്‍ഥികളുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് ചോദ്യം ചെയ്തു. സിപിഎം അനുഭാവികളായ പ്രതികളുടെ തെളിവെടുപ്പ് ഉള്‍പ്പെടെ നടപടികള്‍ നേതാക്കളുടെ ഇടപെടലില്‍ പോലീസ് രഹസ്യമാക്കിയിരുന്നു. മാധ്യമങ്ങള്‍ പ്രവേശനം നല്‍കുകയോ കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നായിരുന്നു ഉന്നതതല നിര്‍ദേശം.
പ്രതികളായ മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നീ പ്രതികളെ ഇന്നലെ വൈകുന്നേരം കോട്ടയം സബ് ജയിലില്‍ തിരികെയെത്തിച്ചു.
പോലീസ് ആദ്യം തയാറാക്കിയ എഫ്ഐആറിലെ ഗുരുതര വീഴ്ചകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായാണ് ഗാന്ധിനഗര്‍ പോലീസ് പറയുന്നത്. രാഷ്ട്രീയ ഇടപെടലില്‍ തുടക്കം മുതല്‍ കേസ് ദുര്‍ബലമാക്കാനും പ്രതികളെ രക്ഷിക്കാനുള്ള ശ്രമവുമാണുണ്ടായത്. നഴ്സിംഗ് കൗണ്‍സില്‍ തുടര്‍പഠനം റദ്ദാക്കിയ നടപടിയില്‍ പുനഃപരിശോധയും മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കാനുള്ള ആലോചനകളും രാഷ്ട്രീയതലത്തില്‍ നടക്കുന്നതായാണ് സൂചന.
പ്രതികളില്‍ 20 വയസ് പൂര്‍ത്തിയാകാത്ത മൂന്നു പേരെ വൈകാതെ കാക്കനാട് ബോസ്റ്റണ്‍ സ്കൂളിലേക്ക് മാറ്റും. ചെറിയ പ്രായത്തില്‍പ്പെട്ട കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലുകളില്ലാത്ത ജയിലാണിത്. രാഹുല്‍ രാജ്, വിവേക് എന്നിവര്‍ കോട്ടയം സബ് ജയിലില്‍ തുടരും. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള നീക്കങ്ങള്‍ രാഷ്ട്രീയതലത്തില്‍ നടക്കുന്നുണ്ട്.