റബര്‍ ടാപ്പിംഗ് നടത്താത്ത ഉടമകളെയും ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെയും ഒരു കുടക്കീഴില് എത്തിച്ചു ബോര്‍ഡ്
1516094
Friday, February 21, 2025 12:00 AM IST
കോട്ടയം: ടാപ്പിംഗ് നടത്താതെ റബര്‍ത്തോട്ടങ്ങളെ കൈവിടുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി റബര്‍ബോര്‍ഡ് രംഗത്തെത്തി. ടാപ്പിംഗ് നിലച്ച തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെയും വിട്ടുകൊടുക്കാന്‍ തയാറുള്ള ഉടമകളെ കണ്ടെത്താന്‍ ഐഎന്‍ആര്‍ കണക്ട് എന്നപേരിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ബോര്‍ഡ് വികസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ 1,76,585 ഹെക്ടര്‍ സ്ഥലത്ത് ടാപ്പിംഗ് നടത്തുന്നില്ല. ടാപ്പ്ചെയ്യാന്‍ സാധ്യമായ 7,53,885 ഹെക്ടറില്‍ 5,77,300 ല്‍ മാത്രമാണ് റബര്‍ മരങ്ങള്‍ വെട്ടി പാലെടുക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷം കിലോഗ്രാമിലധികം ഉത്പാദനനഷ്ടം ഉണ്ടാകുന്നതായാണ് ബോര്‍ഡിന്റെ കണക്ക്.
ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യതക്കുറവാണ് തോട്ടങ്ങള്‍ വെറുതെ കിടക്കാനുള്ള പ്രധാന കാരണമായി ബോര്‍ഡ് വിലയിരുത്തുന്നത്. ഇതോടെയാണു കര്‍ഷകരെയും ടാപ്പ് ചെയ്യാതെ കിടക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുത്ത് വിളവെടുക്കാന്‍ താത്പര്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമം. റബറിന് വിലയില്ലാതെ പ്രതിസന്ധി നേരിട്ട സമയത്ത് പലരും തോട്ടങ്ങള്‍ ടാപ്പ് ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. ഇവരില്‍ ഒരുവിഭാഗം ഇപ്പോഴും ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല.
നാട്ടില്‍ ഇല്ലാത്തവര്‍ക്കും വിവിധ കാരണങ്ങളാല്‍ തോട്ടങ്ങള്‍ ശരിയായവിധം പരിപാലിക്കാന്‍ കഴിയാത്തവര്‍ക്കും ഈ ക്രമീകരണം പ്രയോജകരമാകുമെന്നാണു വിലയിരുത്തല്‍. ഓണ്‍ലൈനായി രജിസ്ട്രേഷന് അടക്കമുള്ളവ നടത്താന്‍ കഴിയുമെന്നതിനാല്‍ വിദേശത്തുള്ളവര്‍ക്കും ഇതിന്റെ ഭാഗമാകാം. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനത്തിലേക്ക് എത്തുക.
ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരെന്ന നിലയിലാകും ബോര്‍ഡിന്റെ ഇടപെടല്‍. ഒപ്പം തോട്ടമുടമയുടെയും തോട്ടമേറ്റെടുത്ത് വിളവെടുക്കാന്‍ തയാറാകുന്ന കക്ഷിയുടെയും ആധികാരികത റബര്‍ ബോര്‍ഡ് പരിശോധിച്ചു സാക്ഷ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ആവശ്യാനുസരണം നൈപുണ്യ വികസനം, തോട്ടം പരിപാലനം മുതലായവയില്‍ പരിശീലനവും ബോര്‍ഡ് നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. ഉടമകളില്‍നിന്ന് തോട്ടങ്ങള്‍ പാട്ടത്തിനെത്ത് ടാപ്പിംഗും പരിപാലനവും നടത്തുന്ന സംരംഭകരും പ്രസ്ഥാനങ്ങളും നിലവില്‍ കേരളത്തില്‍ തന്നെയുണ്ട്.
പ്രവര്‍ത്തന ചെലവുകളും സേവനം നല്കിയതിനുള്ള കൂലിയും ആദായത്തില്‍നിന്ന് എടുത്തശേഷം ബാക്കി തുക ഉടമകള്‍ക്ക് നല്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്കൊപ്പം പുതിയ പ്രസ്ഥാനങ്ങളും ഈ മേഖലയിലേക്ക് കടന്നുവരാന്‍ പുതിയ പദ്ധതി വഴിയൊരുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. നേരത്തെ, ടാപ്പര്‍മാരുടെ ദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ ടാപ്പര്‍ ബാങ്ക് ആവിഷ്കരിച്ചിരുന്നെങ്കിലും പുതിയതായി ആള്ക്കാര് എത്താത്തതിനാല്‍ വിജയിച്ചില്ല. റബര്‍ ബോര്‍ഡ് ടാപ്പിംഗ് പരിശീലന കോഴ്സുകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതികരണമില്ല.