മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം : ചാഴികാടൻറോഡിൽ മലിനജലം ഒഴുക്കുന്നു
1516399
Friday, February 21, 2025 7:10 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള മലിനജലം സമീപത്തെ റോഡുകളിലേക്കും പറമ്പുകളിലേക്കും ഒഴുക്കുന്നതായി പരാതി. മലിന ജലം ഒഴുകുന്നതിന്റെ ഉറവിടം കണ്ടെത്തി പരിഹാരം കാണുന്നതിന് ആർപ്പൂക്കര പഞ്ചായത്തും ആശുപത്രി അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആശുപത്രിക്ക് സമീപത്തുള്ള ബാബു ചാഴികാടൻ റോഡിലേക്കാണ് മലിന ജലം ഒഴുകിയെത്തുന്നത്. ഈ മലിന ജലം സമീപത്തെ കുടിവെള്ള സ്രോതസുകളിൽ എത്താനുള്ള സാധ്യത എറേയാണ്. ഒരു മാസത്തിലേറെയായി മലിന ജലം ഒഴുകിയെത്തുന്നതായാണ് പരാതി. ആശുപത്രിയിലെ മലിനജല ശുദ്ധീകരണ ശാലയിൽ നിന്നാണ് ഇവിടേക്ക് ജലം ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
വർഷങ്ങൾക്കു മുമ്പ് മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന എംബിബിഎസ് വിദ്യാർഥികൾക്കിടയിലും പ്രദേശവാസികളിലും മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു. സംഭവത്തിൽ പൂനൈ വൈറോളജി ഇൻസ്റ്റ്യൂട്ടിലെ വിദഗ്ധ സംഘം ആശുപത്രിയും പരിസര പ്രദേശവും പരിശോധിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽനിന്നും സമീപത്തെ ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മലിന ജലം പൊട്ടിയൊഴുകി സമീപത്തെ കുടിവെള്ള സ്രോതസുകളിൽ പതിച്ചതാണ് മഞ്ഞപ്പിത്തം പടരാൻ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.
ഇതിനുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലിയ മലിന ജല ശുദ്ധീകരണ ശാല സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണോ വെള്ളം ഒഴുകുന്നതെന്ന് കണ്ടെത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.