പാലാ സെന്റ് ജോസഫിന്റെ അമരക്കാരൻ മോണ്‍. മലേപ്പറമ്പില്‍ പടിയിറങ്ങുന്നു
1516479
Friday, February 21, 2025 11:48 PM IST
പാലാ: മികവിന്റെ നെറുകയിലേക്കു സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിനെയും സെന്റ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെയും കൈപ്പിടിച്ചുയർത്തിയ അമരക്കാരൻ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ പടിയിറങ്ങുന്നു.
2019 ലാണ് ചെയര്മാന് പദവിയിലേക്ക് പാലാ രൂപതയുടെ വികാരി ജനറാള്‍ കൂടിയായ അദ്ദേഹം എത്തുന്നത്. കര്‍മകുശലതയുടെ നേര്‍സാക്ഷ്യമായി നിരവധി നേട്ടങ്ങളാണ് പാലാ സെന്റ് ജോസഫില്‍ കാണാന്‍ സാധിക്കുക.
പാലാ സെന്റ് ജോസഫ് കോളജ് ഓട്ടോണമസ് പദവി കൈവരിക്കുന്നതും നാക് അക്രെഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേഡ് നേടുന്നതും അദേഹത്തിന്റെ മികവിന് സാക്ഷ്യങ്ങളാണ്. സെന്റ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നാക് അക്രെഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ ബി നേടിയെന്നതും അഭിമാനാര്‍ഹമായ നേട്ടമാണ്. പാലാ സെന്റ് ജോസഫില്‍ സാധ്യമായ എല്ലാ ബ്രാഞ്ചുകള്‍ക്കും എന്‍ബിഎ അക്രെഡിറ്റേഷന്‍ ലഭിച്ചുവെന്നതും കിര്‍ഫ് റാങ്കിംഗില്‍ കേരളത്തിലെ ഏറ്റവും മികച്ച 10 എന്‍ജിനിയറിംഗ് കോളജുകളില്പ്പെടാന് സാധിച്ചതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
ബിടെക്കില്‍ പുതിയ ബ്രാഞ്ചുകള്‍ കൊണ്ടുവന്നതും ഇന്റഗ്രേറ്റഡ് എംസിഎ ആരംഭിച്ചതും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായുള്ള ബിടെക്, എംടെക്ക് ബ്രാഞ്ചുകള്‍ ആരംഭിച്ചതും മോൺ. ജോസഫ് മലേപ്പറമ്പിലിന്റെ കാലത്താണ്.
ഹോസ്റ്റല്‍ വാര്ഡന്, മാനേജര്‍ എന്നീ പദവികള്‍ വഹിച്ചശേഷം മൂന്നാമത്തെ തവണ കോളജിന്റെ ചെയര്മാന് എന്ന നിലയില്‍ കോളജില്‍ സേവനം ചെയ്തുവെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ആറു വര്‍ഷം നീണ്ട കാലയളവില്‍ പൊതുജനങ്ങളെയും കുട്ടികളെയും സെന്റ് ജോസഫിലേക്ക് അടുപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു.
അഡ്മിഷനിലും പ്ലേസ്മെന്റിലും കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വ മികവാണ്.
രൂപതയുടെ മുഖ്യവികാരി ജനറാളായ മോണ്‍. ജോസഫ് തടത്തിലിന് ചെയര്മാന് സ്ഥാനം കൈമാറിയാണ് രൂപതയുടെ കൂടുതല്‍ ഉത്തരവാദിത്വങ്ങളിലേയ്ക്ക് സെന്റ് ജോസഫില്‍നിന്നും മോണ്‍. മലേപ്പറമ്പില്‍ മടങ്ങുന്നത്.കോളജിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേരിട്ടു പങ്കാളിയാവുകയും അതുവഴി ഒരു പുതിയ ദിശാബോധം ഭരണതലത്തില്‍ നല്‍കാനും സാധിച്ചുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.