വയോധികന്റെ മുറുക്കാൻകടയിൽനിന്ന് ഒന്പതു കെട്ട് വെറ്റില മോഷ്ടിച്ചു
1516474
Friday, February 21, 2025 11:48 PM IST
മുണ്ടക്കയം ഈസ്റ്റ്: നിർധന വയോധികന്റെ മുറുക്കാൻ കടയിൽനിന്ന് ഒന്പതു കെട്ട് വെറ്റില മോഷ്ടിച്ച കള്ളനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പെരുവന്താനം പോലീസിൽ പരാതി. മുണ്ടക്കയം 35ാം മൈലിൽ തട്ടാരുവടക്കേതിൽ ടി.എൻ. ഗംഗാധരന്റെ മുറുക്കാൻ കടയിൽനിന്നാണ് വെറ്റില മോഷണം പോയത്. കേൾക്കുന്നവർക്ക് ചെറുതെങ്കിലും തന്റെ ഉപജീവനമാർഗം ഇല്ലാതാക്കിയ ദുഃഖത്തിലാണ് ഗംഗാധരൻ.
കഴിഞ്ഞ 40 വർഷമായി മുണ്ടക്കയം 35ാം മൈലിൽ തന്റെ വീടിനോടു ചേർന്നുള്ള ചെറിയ മുറിയിൽ മുറുക്കാൻ കട നടത്തിയാണ് ഗംഗാധരനും ഭാര്യയും ഉപജീവനം കഴിയുന്നത്. തുച്ഛമായ വരുമാനമാണ് ഇതിൽനിന്നു ഗംഗാധരന് ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള ഗംഗാധരന്റെ ഭാര്യ വർഷങ്ങളായി കിടപ്പ് രോഗിയാണ്. മക്കളില്ലാത്ത ഈ ദമ്പതികൾ ബന്ധുക്കളുടെ സഹായത്തിലാണ് കഴിയുന്നത്.
ഗംഗാധരൻ തന്റെ മുറുക്കാൻ കടയിലേക്ക് ആഴ്ചയിൽ രണ്ടുതവണയാണ് വെറ്റില വാങ്ങുന്നത്. ഭാര്യ കിടപ്പുരോഗിയായതുകൊണ്ട് ഗംഗാധരന് ഇവരെ തനിച്ചാക്കി പുറത്തുപോകാൻ സാധിക്കില്ല. അതുകൊണ്ട് തമിഴ്നാട്ടിൽനിന്നു വരുന്ന വണ്ടിക്കാരോട് നേരിട്ട് വെറ്റില വാങ്ങുകയാണ് ചെയ്യുന്നത്.
ഇവർ ഗംഗാധരന്റെ മുറുക്കാൻ കടയുടെ മുന്പിൽ വെറ്റില കെട്ട് ഇറക്കിവച്ചതിനുശേഷം പോകുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുവന്ന കടയ്ക്കു മുന്നിൽവച്ച വെറ്റിലക്കെട്ടുകളാണ് മോഷ്ടാവ് അപഹരിച്ചത്. 1,600 ഓളം രൂപയേ ഇതിനു വില വരികയുള്ളൂവെങ്കിലും തന്റെ ഉപജീവനമാർഗം ഇല്ലാതാക്കിയ മോഷ്ടാവിനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ഗംഗാധരൻ പെരുവന്താനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗംഗാധരന്റെ അന്നം മുടക്കിയ മോഷ്ടാവിനെ കണ്ടെത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.