കതിര് ആപ്: കര്‍ഷക രജിസ്ട്രേഷന് ജില്ലയില്‍ മന്ദഗതിയില്‍
1516088
Friday, February 21, 2025 12:00 AM IST
കോട്ടയം: കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ ഒരു കൂടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് തയാറാക്കിയ കതിര് ആപ്പില്‍ രജിസ്ട്രേഷന് ഇഴയുന്നു.
ജില്ലയില്‍ ഇതുവരെ 3,156 കര്‍ഷകര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന് ആരംഭിച്ചു മാസങ്ങള്‍ പിന്നിടുമ്പോഴും ഭൂരിഭാഗം കര്‍ഷകരും പദ്ധതിയുടെ ഭാഗമായിട്ടില്ല.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കുന്നതാണു വിട്ടുനില്‍ക്കാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത്. ഇന്റര്‍നെറ്റ് തടസങ്ങളും തിരിച്ചടിയാണ്. രജിസ്ട്രേഷന് പുരോഗമിക്കുകയാണെന്നും എല്ലാ വിവരങ്ങളും നല്കി ഇതു പൂര്‍ത്തിയാക്കാന്‍ ഒരുമണിക്കൂര്‍ സമയമെടുക്കുന്നതാണ് എണ്ണം കുറയാന്‍ കാരണമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
കൃഷിക്കൂട്ടങ്ങളും പ്രത്യേകമായി രജിസ്ട്രേഷന് നടത്തുന്നുണ്ട്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതു വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ആധികാരിക രേഖയുമാണ്. കാലാവസ്ഥ മുന്നറിയിപ്പ്, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകള്‍, മണ്ണ് പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകള്, വിപണി സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും.
വേഗത്തില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ വിവിധ കൃഷിഭവനുകള്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിച്ചു കതിര് ആപ്പിലേക്കുള്ള കര്‍ഷകരുടെ രജിസട്രേഷന് നടത്തണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
രജിസ്ട്രേഷന്
ചെയ്യേണ്ടത്
രജിസ്റ്റര്‍ ചെയ്യാനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോറില്‍ എന്നിവയില്‍നിന്ന് കതിര് ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആപ്പില്‍ നല്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു ലോഗിന്‍ ചെയ്യാം. കര്‍ഷകന്റെ പേര്, വിലാസം, കൃഷിഭവന്, വാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നല്കി വ്യക്തിഗത രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം.
തുടര്‍ന്ന് കൃഷി സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ ആപ്പിലെ സാറ്റ്ലൈറ്റ് മാപ്പില്‍നിന്നു കൃഷിയിടം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമര്‍പ്പിക്കണം. കാര്‍ഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നല്‍കണം. പാട്ട കര്‍ഷകര്‍ക്കും അപേക്ഷിക്കാം.
കതിര് ആപ്പിലെ പ്രധാന പേജില്‍ കാണുന്ന കര്‍ഷക ഐഡി കാര്‍ഡിന് അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷന് സമയത്ത് നല്കിയ വിവരങ്ങള്‍ അടങ്ങിയ പേജിലേക്ക് കടക്കാം. ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയശേഷം കര്‍ഷകന്റെ ബാങ്ക് വിവരങ്ങള്‍, ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കര്‍ഷകന്റെ ഫോട്ടോ എന്നിവ നല്‍കണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയശേഷം അപ്ലൈ ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഫോര്‍ ഐഡി കാര്‍ഡ് സബ്മിറ്റഡ് സക്സസ്ഫുള്ളി എന്ന സന്ദേശം ലഭിക്കും.
കര്‍ഷകര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം ഐഡി കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്തു മനസിലാക്കാം. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന പൂര്‍ണമായ അപേക്ഷകള്‍ പരിശോധിച്ചു കൃഷി അസിസ്റ്റന്റുമാര്‍ കൃഷി ഓഫീസറുടെ ലോഗിനിലേക്ക് അയക്കും. ഇവര്‍ അപ്രൂവ് ചെയ്തശേഷം ഐഡി കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് അവരവരുടെ കതിര് പേജില്‍ കാണുന്ന കതിര് ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ബട്ടണില്‍ അമര്‍ത്തി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പിവിസി കാര്‍ഡ് മാതൃകയിലോ മറ്റ് രീതിയിലോ പ്രിന്റ് ചെയ്തും കര്‍ഷകര്‍ക്ക് ഉപയോഗിക്കാം. അഞ്ച് വര്‍ഷമാണു കാര്‍ഡിന്റെ കാലാവധി.