എസ്ജെസിസിയിൽ മീഡിയ ഫെസ്റ്റ് ഇന്നും നാളെയും
1516069
Thursday, February 20, 2025 6:30 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന മെലാഞ്ച് ഇന്റര്‍ കൊളജീയറ്റ് മീഡിയ ഫെസ്റ്റ് ഇന്നും നാളെയും നടക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, അക്കാഡമിക് ഡയറക്ടര്‍ റവ.ഡോ. മാത്യു മുരിയങ്കരി, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.
എഐ റോബോട്ടുകളുടെ പ്രദര്‍ശനം, വെര്‍ച്വല്‍ റിയാലിറ്റി ലാബ്, ഫിലിം മേക്കിംഗ്, ആനിമേഷന്‍, ഡിസൈന്‍ രംഗങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, വ്യത്യസ്ത തരത്തിലുളള ഇന്‍സ്റ്റലേഷനുകള്‍, എക്സിബിഷനുകള്‍ തുടങ്ങിയവയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ 20 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും.
രണ്ടു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കോളജ് വിദ്യാര്‍ഥികളുടെ ബാന്‍ഡും ഡാന്‍സും സ്റ്റേജ് ഷോകളും പരിപാടികളുടെ പ്രത്യേകതയാണ്. ഇന്നു രാവിലെ 9.30ന് പ്രശസ്ത സംവിധായകനും സിനിമതാരവുമായ ധ്യാന്‍ ശ്രീനിവാസന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, അക്കാഡമിക് ഡയറക്ടര്‍ റവ.ഡോ. മാത്യു മുരിയങ്കരി, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, കോഓര്‍ഡിനേറ്റര്‍ നീസ സൂസണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
ആദ്യദിനം വൈകിട്ട് കോളജ് വിദ്യാര്‍ഥികളുടെ മ്യൂസിക് ബാൻഡും കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ രണ്ടാം ദിനമായ നാളെ വൈകിട്ട് പ്രശസ്ത മ്യൂസിക് ബാൻഡായ തകരയുടെ സംഗീതനിശ നടക്കും. കോളജിന്റെ ഇരുപതാം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റില്‍ പ്രവേശനം സൗജന്യമായിരിക്കും.