എസ്എസ്എല്‍സി പരീക്ഷ : കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ 3,086 വിദ്യാര്‍ഥികള്‍
1516060
Thursday, February 20, 2025 6:30 AM IST
കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷയില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ 3,035 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 1,576 ആണ്‍കുട്ടികളും 1,459 പെണ്‍കുട്ടികളുമാണ് പരീക്ഷയെ നേരിടുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് എയ്ഡഡ് സ്കൂളായ വൈക്കം എസ്എംഎസ്എന്‍ എച്ച്എസ്എസില്‍നിന്നാണ്.
148 ആണ്‍കുട്ടികളും 82 പെണ്‍കുട്ടികളും ഉള്‍പ്പെ30 കുട്ടികളാണ് ഇവിടെനിന്നും പരീക്ഷയ്ക്കെത്തുന്നത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് കടപ്പൂര് ഗവണ്മെന്റ് ജിഎച്ച്എസ്എസില്നിന്നാണ്. മൂന്ന് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏഴു പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 98 കുട്ടികള്‍ പരീക്ഷയെഴുതുന്ന തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ജിഎച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന സര്‍ക്കാര്‍ സ്കൂള്‍.
എയ്ഡഡ് സ്കൂളുകളില്‍ ആണ്, പെണ് വിഭാഗത്തില്‍നിന്നു നാലുവീതം കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര് പരീക്ഷയെഴുതുന്ന മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് എച്ച്എസാണ് കുറവ് കുട്ടികളെ പരീക്ഷയെഴുതിക്കുന്ന എയ്ഡഡ് സ്കൂള്‍. രണ്ടു സ്പെഷല്‍ സ്കൂളുകളാണ് വിദ്യാഭ്യാസ ജില്ലയിലുള്ളത്. അഞ്ച് ആണ്‍കുട്ടികളും നാല് പെൺകുട്ടികളും ഉള്‍പ്പെടെ ഒമ്പതു കുട്ടികള്‍ നീര്‍പ്പാറ അസീസി ബധിര വിദ്യാലയത്തിലും നാല് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികള്‍ മണ്ണയ്ക്കനാട് ഒഎല്‍സി ബധിര വിദ്യാലയത്തിലും പരീക്ഷയെഴുതുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 51 വിദ്യാര്‍ഥികളുടെ കുറവാണ് ഇക്കുറിയുള്ളത്. കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ ജില്ലയില്‍ 1,507 ആണ്‍കുട്ടികളും 1,579 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3,086 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികളുടെ എണ്ണത്തില്‍ 69 പേരുടെ വര്‍ധനവുണ്ടായപ്പോള്‍, പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 120 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
2023 ല്‍ 3,232 വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയത്. ഓരോ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടിയിരുന്നു.
16 ഗവണ്മെന്റ് സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും രണ്ട് അണ് എയ്ഡഡ് സ്കൂളുളും രണ്ട് സ്പെഷല്‍ സ്കൂളുകളും ഉള്‍പ്പെടെ 44 സ്കൂളുകളാണ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലുള്ളത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് കടുത്തുരുത്തി ഡിഇഒ എ.സി. സീന അറിയിച്ചു.
ചോദ്യപേപ്പറുകള്‍ കടുത്തുരുത്തിയിലെത്തി
കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ കടുത്തുരുത്തിയിലെത്തി. പരീക്ഷാ ഭവനില്‍നിന്ന് ചൊവ്വാഴ്ച കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ചോദ്യപേപ്പറുകള്‍ എത്തിച്ചു. ചോദ്യ പേപ്പറുകള്‍ ഡിഇഒ എ.സി. സീനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്ഇ സ്കൂളിലെ താത്കാലിക സ്ട്രോംഗ് റൂമിലേക്കു മാറ്റി.
കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്ഇ സ്കൂളിലാവും ഇനിയുള്ള ദിവസങ്ങളില്‍ പോലീസ് കാവലില്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക. പിന്നീട് ചോദ്യപേപ്പറുകള്‍ സോര്‍ട്ട് ചെയ്യും. സോര്‍ട്ട് ചെയ്ത ചോദ്യ പേപ്പറുകള്‍ കടുത്തുരുത്തി ഡിഇയുടെ കീഴിലുള്ള ഒമ്പത് ക്ലസ്റ്ററുകളിലേക്കു മാറ്റും. കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം സബ് ട്രഷറികളിലും കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍, കല്ലറ, തലയോലപ്പറമ്പ്, കുലശേഖരമംഗലം, വൈക്കം എസ്ബിഐകളുമാണ് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങൾ.
മാര്‍ച്ച് മൂന്നിനാണ് എസ്എസ്എല് സി പരീക്ഷ ആരംഭിക്കുന്നത്. കടുത്തുരുത്തി ഡിഇഒയുടെ കീഴില്‍ രണ്ടു സ്പെഷല്‍ സ്കൂള്‍ ഉള്‍പ്പെടെ 44 സ്കൂളുകളില്‍നിന്നുള്ള കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കു തയാറെടുക്കുന്നത്.