ബൈക്കിൽ എത്തിയ സംഘം വയോധികയുടെ മാല മോഷ്ടിച്ചു
1516055
Thursday, February 20, 2025 6:22 AM IST
പാമ്പാടി: പാമ്പാടിയില്‍ വയോധികയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പിടിച്ചുപറിച്ചു. ഇന്നലെ രാവിലെ 7.30ന് ആലാമ്പള്ളി-മാന്തുരുത്തി റോഡിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ മാല പൊട്ടിച്ചു കടന്നുകളഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പാമ്പാടി പോലീസിനെ വിവരമറിയിച്ചു.
മാലയുടെ പകുതി വയോധികയുടെ കൈയിലുണ്ട്. ബാക്കി പകുതി മാലയുമായിട്ടാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. തൊട്ടടുത്ത കടയിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ മാല പൊട്ടിച്ച ദൃശ്യങ്ങള്‍ ലഭ്യമല്ല. മോഷ്ടാക്കള്‍ കോട്ടയം ഭാഗത്തേക്കാണു ബൈക്കില്‍ പോയതെന്നു വയോധിക പറഞ്ഞു. പാമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു.