മത്സ്യത്തൊഴിലാളിയെ വലയിൽ കുടുങ്ങിയ മൂർഖൻ കടിച്ചു
1516054
Thursday, February 20, 2025 6:22 AM IST
കുമരകം: മത്സ്യബന്ധനത്തിനായി പാടത്ത് നീട്ടിയിട്ടിരുന്ന വല വലിച്ചു കൊണ്ടിരുന്ന മത്സ്യത്തൊഴിലാളിയെ മൂർഖൻ കടിച്ചു. കുമരകം രണ്ടാം വാർഡിൽ ആറ്റുചിറ ഭാഗത്ത് മുപ്പതിൽച്ചിറ എം.എസ്. ലാൽജി(43) ക്കാണ് മത്സ്യബന്ധനത്തിനിടയിൽ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ മത്സ്യതൊഴിലാളിയെ ബുധനാഴ്ച രാത്രി ആദ്യം കുമരകം എസ്എച്ച്എംസിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും എത്തിച്ചു.
രാത്രി 8.30നായിരുന്നു സംഭവം. വല വലിക്കുന്നതിനിടയിൽ ലാൽജിയുടെ വലതുകൈയുടെ നടുവിരലിൽ എന്തോ കൊണ്ടതുപോലെ തോന്നി, എതാനും സമയത്തിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വീട്ടിലെത്തി കിടന്നു. എന്നാൽ കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചതോടെ കുമരകം എസ്എച്ച്എംസിയിൽ എത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും വലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതായി സഹപ്രവർത്തകർ അറിയിച്ചു. ഇതോടെ മെഡിക്കൽ കോളജിൽനിന്നു കാരിത്താസിലെത്തിക്കുകയായിരുന്നു. കാരിത്താസിൽ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.