മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത പാലിക്കണം
1515801
Wednesday, February 19, 2025 11:46 PM IST
കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ പ്രതിരോധം ശക്തമാക്കി. പാലായ്ക്കു സമീപം രാമപുരം, കരൂര്‍ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തബാധിതരേറെയും. ചക്കാമ്പുഴയില്‍ ഓവുചാലിലൂടെ മലിനജലം കുടിവെള്ള സ്രോതസിലെത്തി ഇത് ഉപയോഗിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചക്കാംപുഴയില്‍ ഒമ്പതാം ക്ലാസുകാരന് സെബിന് മരിച്ചതോടെയാണ് ആരോഗ്യവകുപ്പും പഞ്ചായത്തും വിഷയത്തില്‍ ഗൗരവമായി ഇടപെട്ടത്. രണ്ടു പഞ്ചായത്തുകളിലുമായി 22 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതെന്ന് ഡിഎംഒ അറിയിച്ചു. പത്തോളം പേര്‍ക്കു രോഗലക്ഷണമുണ്ട്. രണ്ടു പഞ്ചായത്തുകളിലെയും കിണറുകളിലും പൊതു ജലസ്രോതസുകളിലും ക്ലോറിനേഷന് നടത്തും. വെള്ളം ദിവസവും തുടര്‍ പരിശോധനക്ക് വിധേയമാക്കും.
പൊതു ഇടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ക്ലോറിനേഷന് നടത്തും. ചക്കാമ്പുഴയില്‍ മലിനമായ വെള്ളം കുടിച്ചവരെ വീടുകളിലെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്. പലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്. മലിനജലം ഒഴുകിയെത്തി സമീപത്തെ കിണറുകളില്‍ കോളിഫാം ബാക്ടീരിയ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞപ്പിത്തം ഭീതി പരത്തിയതോടെ ഹോട്ടലുകള്‍, തട്ടുകടകള്‍, വഴിയോര കടകള്‍, ജ്യൂസ് പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ഇവിടങ്ങളിലെ വെള്ളം കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവ അടച്ചു പൂട്ടും.
സൂക്ഷിക്കണേ
കൂള്‍ബാറും തട്ടുകടയും
വേനല്‍ കടുത്തതതോടെ ശീതളപാനീയ കച്ചവടവും കൂടി. വഴിയോരകടകളിലെല്ലാം ജ്യൂസും നാരണങ്ങാവെള്ളവും മോരുംവെള്ളവുമൊക്കെ വില്പന തകൃതിയിലാണ്. കുലുക്കി സര്‍ബത്തും തണ്ണിമത്തനും ജ്യൂസുകളും കുടിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളവും ഐസ് ക്യൂബും എത്ര ശുദ്ധമാണെന്ന് അന്വേഷിക്കില്ല. മിക്ക കടകളിലും വെള്ളം ശുദ്ധമല്ല. ഗ്ലാസുകളും പാത്രങ്ങളും നന്നായി കഴുകാറുമില്ല. ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നവരില്‍ മഞ്ഞപ്പിത്തബാധിതരേറെയാണ്.
തട്ടുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. നന്നായി തിളപ്പിക്കാത്ത ചൂടുവെള്ളം അപകടകാരിയാണ്. ഇവിടങ്ങളില്‍ പരിശോധനയോ വെള്ളത്തിന്റെ ഗുണനിലവാരമോ വൃത്തിയോ പരിശോധിക്കപ്പെടുന്നില്ല. അംഗീകൃത കുപ്പിവെള്ളം, സോഡകമ്പനികള്ക്കൊപ്പം വ്യാജ പേരിലും ഉത്പന്നങ്ങൾ വിപണിയിലുണ്ട്.
മഞ്ഞപ്പിത്തം വില്ലനാണ്
കരളിനെ ബാധിക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. ഇതിലെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി,സി,ഡി വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവം എന്നിവയിലൂടെയും. രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ എ, ഇ വിഭാഗങ്ങള്‍ക്ക് 15 ദിവസം മുതല്‍ 60 ദിവസം വരെയും ബി,സി,ഡി വിഭാഗങ്ങള്‍ക്ക് 15 ദിവസം മുതല്‍ ആറു മാസം വരെയും സമയമെടുക്കാം.
കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗമാണ്. കുഞ്ഞുങ്ങളില്‍ ഇതു ഗുരുതരമാവാറില്ലെങ്കിലും പ്രായപൂര്‍ത്തിയായവരില്‍ പലപ്പോഴും ഗൗരവമാകാറുണ്ട്. ശരീര വേദന, പനി, തലവേദന, ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മൂത്രത്തിനും കണ്ണിനും മറ്റും മഞ്ഞനിറം പ്രത്യക്ഷപ്പെടും. സ്വയം ചികിത്സയോ നാട്ടുമരുന്നുകളോ പ്രയോഗിക്കാതെ ഉടന്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ തുടരേണ്ടതും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
മഞ്ഞപ്പിത്തം
പ്രതിരോധിക്കാം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
കണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക.ക്ലോറിനേറ്റ് ചെയ്യുക.
ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
കൈനഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.
മലവിസര്‍ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക.
ഈച്ച ശല്യം ഒഴിവാക്കുക.
കാലിത്തൊഴുത്തുകള്‍ കഴിവതും വീട്ടില്‍നിന്ന് അകലെയായിരിക്കണം.
പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
പഴവര്‍ഗങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം ഉപയോഗിക്കുക.
കൂടുതല്‍ പേര്‍ക്ക് വയറിളക്കം കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യകേന്ദ്രങ്ങില് റിപ്പോര്‍ട്ട് ചെയ്യുക.