എംസി റോഡ് സൗന്ദര്യവത്കരിക്കാൻ ബ്ലോക്കിന്റെ പദ്ധതി
1515799
Wednesday, February 19, 2025 11:26 PM IST
കുറവിലങ്ങാട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എംസി റോഡിന്റെ ഇരുവശങ്ങളും സൗന്ദര്യവത്കരിക്കാൻ പദ്ധതി. 20 കിലോമീറ്റർ നീളത്തിലുള്ള റോഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ നേട്ടം ബ്ലോക്ക് പരിധിയിലെ കാണക്കാരി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്ത് പ്രദേശങ്ങൾക്ക് ലഭിക്കും. രണ്ടു ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് വഴി ഹരിതകേരളം മിഷനാണ് പദ്ധതി നിർവഹണം.
ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങൾ, പൊതുഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുടെ സമീപ സ്ഥലങ്ങൾ എന്നിവ സൗന്ദര്യവത്കരിക്കും. രണ്ടാംഘട്ടത്തിൽ എംസി റോഡിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എംസി റോഡ് കടന്നുപോകാത്ത മാഞ്ഞൂർ, കടപ്ലാമറ്റം, രാമപുരം പഞ്ചായത്തുകളിലും പ്രവർത്തനം നടക്കും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇൻ ചാർജ് എസ്. ഐസക് പദ്ധതി വിശദീകരിച്ചു.