ഫാക്ടറിയുടെ ബോയിലർ തകർന്ന് ഓയിൽ മീനച്ചിലാറ്റിൽ ഒഴുകി
1515796
Wednesday, February 19, 2025 11:26 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന അജ്മി ഫുഡ് പ്രോഡക്ട്സ് ഫാക്ടറിയിലെ ബോയിലർ പൊട്ടി ഈലക്കയം ചെക്ക്ഡാമിൽ ഓയിൽ മാലിന്യം പരന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഫാക്ടറി അധികൃതർ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും ഫയർഫോഴ്സിലും ഈരാറ്റുപേട്ട പോലീസിലും തലപ്പലം പഞ്ചായത്തിലും രാത്രിതന്നെ വിവരം അറിയിച്ചു പ്രതിരോധ നടപടികൾ പരമാവധി സ്വീകരിച്ചു. നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ രാവിലെ സ്ഥലം സന്ദർശിക്കുകയും ഫാക്ടറി ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
വേനൽ ശക്തമായതോടെ ചെക്ക്ഡാമിൽ അവശേഷിച്ചിരുന്ന വെള്ളം മാലിന്യം കലർന്നതോടെ ഉപയോഗശൂന്യമായി. ഈ പ്രദേശവുമായി ബന്ധപ്പെട്ട ഏഴുമുതൽ 20 വരെയുള്ള വാർഡ് കൗൺസിലർമാരുടെയും ആരോഗ്യ വിഭാഗത്തിന്റെയും മീറ്റിംഗ് ചേരുകയും കമ്മിറ്റിയിലേക്ക് ഫാക്ടറി അധികൃതരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തതായി വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു.
നിലവിൽ വെള്ളത്തിൽ കലർന്ന ഓയിൽ സാന്നിധ്യം പൂർണമായും ഫാക്ടറിയുടെ ചെലവിലും ഉത്തരവാദിത്വത്തിലും എത്രയും പെട്ടെന്ന് മുനിസിപ്പാലിറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് നീക്കം ചെയ്യാൻ ഫാക്ടറി അധികൃതർക്ക് നിർദേശം നൽകി. ഇന്നുമുതൽ വരുന്ന ഏഴു ദിവസത്തേക്ക് എല്ലാദിവസവും രാവിലെയും വൈകുന്നേരവും വെള്ളത്തിന്റെ ഓയിൽ സാന്നിധ്യം ഗവൺമെന്റ് ലാബിൽ ടെസ്റ്റ് ചെയ്ത് മുനിസിപ്പാലിറ്റിയെ ബോധ്യപ്പെടുത്തണം. അടിയന്തര സാഹചര്യത്തിൽ കുടിവെള്ളം ആവശ്യമുള്ള പ്രദേശത്ത് ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തിലും ചെലവിലും വെള്ളം എത്തിച്ചുകൊടുത്ത് നഗരസഭയിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു.
അടിയന്തര യോഗത്തിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫ്ന അമീൻ, നാസർ വെള്ളൂപ്പറമ്പിൽ, സുനിൽകുമാർ, നൗഫിയ ഇസ്മായിൽ, ഹബീബ് കപ്പിത്താൻ, നഗരസഭാ സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, അജ്മി ഗ്രൂപ്പ് ജനറൽ മാനേജർ സാദിഖ് പാറയിൽ, ലീഗൽ അഡ്വൈസർ മുഹമ്മദ് പത്തനാട് എന്നിവർ പങ്കെടുത്തു.