കെഎസ്ആര്‍ടിസി കനിയണം : ചങ്ങനാശേരി-മണിമല രാത്രികാല സര്‍വീസ് പുനരാരംഭിക്കണം
1515687
Wednesday, February 19, 2025 6:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള രാത്രികാല മണിമല കെഎസ്ആര്‍ടിസി ബസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ. നാരായണക്കുറുപ്പ് ഗതാഗത മന്ത്രിയായിരുന്ന കാലത്ത് 46 വര്‍ഷങ്ങള്‍ മുമ്പ് ചങ്ങനാശേരിയിനിന്നു രാത്രി 9.40ന് നെടുംകുന്നത്തിനാണ് ഈ സര്‍വീസ് ആദ്യം ഓടിയിരുന്നത്.
പിന്നീട് പത്തനാട് വരെയും അതിനുശേഷം മണിമല വരെയും സര്‍വീസ് നീട്ടി. എന്നാൽ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഈ രാത്രികാല സ്റ്റേ സര്‍വീസ് പിന്നീട് ആരംഭിച്ചിട്ടില്ല.
കുരിശുംമൂട്, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം, മണിമല റൂട്ടിലെ നിരവധി വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വകാര്യ, കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ യാത്രക്കാര്‍ക്ക് ഉപകാരപ്പെട്ടിരുന്ന ബസ് സര്‍വീസാണ് കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥയില്‍ ഇല്ലാതായത്.
രാത്രി ഒമ്പതിന് ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു നെടുംകുന്നത്തിനുള്ള സ്വകാര്യബസ് പോയിക്കഴിഞ്ഞാല്‍ ചങ്ങനാശേരിയില്‍നിന്നു കിഴക്കന്‍ മേഖലയിലേക്ക് ബസ് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് മണിമല ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
മണിമലയില്‍നിന്നു പിന്നേറ്റുപുലര്ച്ചെ 5.20ന് പുറപ്പെടുന്ന ഈ ബസ് ട്രെയിന്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ ഏറെ പ്രയോജനപ്പെട്ടിരുന്നു. ഈ ഡിപ്പോയില്‍നിന്നു രാത്രി പത്തിന് പൊന്‍കുന്നത്തേക്കു നടത്തിയിരുന്ന സര്‍വീസും കേവിഡ് കാലത്ത് നിര്‍ത്തലാക്കിയിരുന്നു.
എംഎല്‍എമാരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണം
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരും കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍, മണിമല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഈ വിഷയത്തില്‍ താത്പര്യമെടുത്ത് മണിമല ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശിലാസ്ഥാപനത്തിനെത്തുന്ന ഗതാഗതമന്ത്രി ഗണേഷ്കുമാറിന് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിക്കാന്‍ പാസഞ്ചേഴ്സ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്.