ചങ്ങനാശേരി നഗരത്തിലെ വൃത്തി: മാര്‍ക്കിടാന്‍ കേന്ദ്ര ഏജന്‍സി
1513129
Tuesday, February 11, 2025 6:37 AM IST
ചങ്ങനാശേരി: സ്വച്ഛതാ സര്‍വേയുടെ ഭാഗമായി ചങ്ങനാശേരി നഗരപരിധിയിലെ വൃത്തി പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സി അടുത്തയാഴ്ചയെത്തും. നഗരസഭ മാലിന്യം കൈകാര്യം ചെയ്യുന്നവിധം, മാലിന്യം വലിച്ചെറിയുന്നുണ്ടോ, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം, തുറസായ സ്ഥലങ്ങളിലെ മല-മൂത്ര വിസര്‍ജനം തുടങ്ങിയവയാണ് പ്രധാനമായി പരിശോധിക്കുന്നത്.
നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലെയും വണ്ടിപ്പേട്ടയിലെയും ശൗചാലയങ്ങളുടെ പ്രവര്‍ത്തനം, ശുചിത്വം എന്നിവ പ്രത്യേകമായി പരിശോധിക്കും. ശുചിത്വ മിഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും നോക്കും. റോഡുകളുടെ വൃത്തിയും സംഘം പരിശോധിക്കും. സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് സംവിധാനങ്ങള്‍, ജൈവ- അജൈവ മാലിന്യ സംസ്കരണം എന്നിവയും നിരീക്ഷിക്കും.
ഇതുസംബന്ധിച്ച് കോട്ടയം കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എത്സമ്മ ജോബ്, മുനിസിപ്പല്‍ സെക്രട്ടറി എല്‍.എസ്. സജി എന്നിവര്‍ പങ്കെടുത്തു.
ഇ-വേസ്റ്റ് ശേഖരണത്തിനു ചങ്ങനാശേരി നഗരസഭ
ചങ്ങനാശേരി: ഇ-വേസ്റ്റ് ശേഖരിക്കാന്‍ ചങ്ങനാശേരി, വൈക്കം, തൃശൂര്‍ നഗരസഭകളെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ടിവി, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, തേപ്പുപെട്ടി തുടങ്ങിയാണ് നഗരസഭ ശേഖരിക്കുന്നത്. ഇതിന് കിലോയ്ക്ക് നിശ്ചിത തുക നല്‍കിയാണ് ശേഖരിക്കുന്നത്. ക്ലീന്‍ കേരള കമ്പനിക്ക് ഇതു കൈമാറും.
അപകടസാധ്യതയുള്ള ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍, ബാറ്ററികള്‍ തുടങ്ങിയവയും ശേഖരിക്കും. പ്രത്യേക കേന്ദ്രങ്ങളില്‍ ഹരിതകര്‍മ സേനയാണ് ഇവ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിതകര്‍മസേനയ്ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്ക് ബോധവത്കരണവും നല്‍കും.