വേളാങ്കണ്ണി ബസിന്റെ വരുമാനച്ചോര്‍ച്ച അന്വേഷിക്കണം
1512812
Monday, February 10, 2025 6:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി ബസ് സര്‍വീസിന്റെ വരുമാനച്ചോര്‍ച്ച അന്വേഷിക്കേണ്ടേ..? യാത്രക്കാര്‍ക്കിടയില്‍ ചര്‍ച്ച ഉയരുന്നു. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി സ്വിഫ്റ്റാണ് ചങ്ങനാശേരി-വേളാങ്കണ്ണി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. താത്കാലിക ജീവനക്കാരാണ് ഈ ബസില്‍ ഡ്യൂട്ടിക്കു പോകുന്നത്. ഇരുവശത്തേക്കുംകൂടി 1,350 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ഈ ബസിന് 25,000 രൂപ മുതല്‍ 30,000 രൂപ വരെ മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂ. സൂപ്പര്‍ ഡീലക്സ് ബസാണ് സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്.
മുന്‍ കാലങ്ങളില്‍ കെഎസ്ആര്‍ടിസി ഈ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ അമ്പതിനായിരം മുതല്‍ എഴുപത്തി അയ്യായിരം രൂപവരെ വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷം മുമ്പാണ് ഈ സര്‍വീസിനു തുടക്കം കുറിച്ചത്. അന്ന് സൂപ്പര്‍ എക്സ്പ്രസ് സര്വീസായായിരുന്നു തുടക്കം.
ചങ്ങനാശേരിയില്‍നിന്നു പാലക്കാട് എത്തുമ്പോള്‍ ഈ ബസിന്റെ ഡ്രൈവര്‍ മാറിക്കയറിയിരുന്നു. ആസമയത്താണ് ഇത്രയും ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നത്. പിന്നീട് ഇത് സൂപ്പര്‍ ഡീലക്സായി ഉയര്‍ത്തിയപ്പോള്‍ വരുമാനം ഇടിയുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷം മുമ്പാണ് ഈ സര്‍വീസ് സ്വിഫ്റ്റ് വിഭാഗത്തിന് കൈമാറിയത്. അന്നുമുതല്‍ ഈ സര്‍വീസിന്റെ നില കൂടുതല്‍ പരുങ്ങലിലേക്കു നീങ്ങി. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് സ്വഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ സംവിധാനം വേളാങ്കണ്ണി സര്‍വീസിനു ഗുണകരമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സൂപ്പര്‍ ഡീലക്സിലെ ചാര്‍ജ് വര്‍ധനയും ബസ് മുടങ്ങുന്നതും വിനയായി. ചാര്‍ജ് വര്‍ധനയും കൃത്യമായി സര്‍വീസ് നടത്താത്തതുംമൂലമാണ് യാത്രക്കാര്‍ വേളാങ്കണ്ണി സര്‍വീസിനെ കൈവിട്ടത്. വരുമാനം കുറഞ്ഞെന്ന കാരണത്താല്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈ ബസ് സര്‍വീസ് നിര്‍ത്തി വച്ചിരുന്നു. ജനകീയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വീണ്ടും ഈ സര്‍വീസ് വെള്ളിയാഴ്ച പുനരാരംഭിച്ചു.
സ്വിഫ്റ്റ് ബസില്‍ വെള്ളിയാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഡ്യൂട്ടി നടത്തുന്നത്. ഇതോടെ വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായതായാണ് സൂചന ലഭിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഈ സര്‍വീസ് പഴയതുപോലെ എക്സപ്രസ് സര്‍വീസായി നിലനിര്‍ത്തുകയും പാലക്കാടുനിന്നു ഡ്രൈവര്‍ മാറിക്കയറാനുള്ള നടപടികള്‍ ഉണ്ടാകുകയും ചെയ്താല്‍ സര്‍വീസ് രക്ഷപ്പെടുമെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.