93 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
1513120
Tuesday, February 11, 2025 6:27 AM IST
ഏറ്റുമാനൂർ: സ്ഥാപന ഉടമയിൽനിന്നും 93 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ മനോജ് ജോസഫി(48)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അതിരമ്പുഴ മന്നാകുളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെയർ ലൈൻ അക്കാദമി എന്ന സ്ഥാപനത്തിലെ മാനേജരായിരുന്ന ഇയാൾ ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് സ്ഥാപനത്തിലെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വില്പന നടത്തുകയായിരുന്നു. സ്ഥാപന ഉടമയുടെ കള്ളയൊപ്പിട്ട് വ്യാജ പ്രമാണം ചമച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്.
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും ലക്ഷക്കണക്കിനു രൂപയും 10,000 യുഎസ് ഡോളറും ഉൾപ്പെടെ 93 ലക്ഷത്തിൽ പരം രൂപയാണ് ഇയാൾ കബളിപ്പിച്ചു തട്ടിയെടുത്തത്. സ്ഥാപനത്തിലെ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഇവർ മോഷ്ടിക്കുകയും ചെയ്തു.
പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ എ.എസ്. അൻസൽ, എസ്ഐ വി.ഡി. ജയപ്രകാശ്, എഎസ്ഐ വി.കെ. വിനോദ്, സിപിഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.