അമൃതം പൊടിയിൽ ചത്ത പല്ലി, യൂണിറ്റ് അടച്ചു
1512817
Monday, February 10, 2025 6:38 AM IST
മാന്നാർ: ബുധനൂർ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ രണ്ട് പല്ലികളെ കണ്ടെത്തി. ജനുവരി 22 ന് ബുധനൂർ പഞ്ചായത്തിലെ അങ്കണവാടികൾക്ക് വിതരണം ചെയ്ത പൊടിയിലാണ് പല്ലികളെ ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച പാക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോൾ രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തി. വീട്ടുകാർ ടീച്ചറിനെ വിവരം അറിയിക്കുകയും ടീച്ചർ ആ പായ്ക്കറ്റ് അമൃതം പൊടി സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും ചെയ്തു. സിഡിപിഒയ്ക്ക് റിപ്പോർട്ട് ചെയ്തു.
അങ്കണവാടികൾക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിർമിച്ച് തയാറാക്കിയ 500 കിലോഗ്രാമിന്റെ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഈ യൂണീറ്റ് അടച്ചുപൂട്ടി.