അനധികൃത പാറഖനനം തുടരുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ
1512882
Tuesday, February 11, 2025 12:05 AM IST
മുണ്ടക്കയം: പഞ്ചായത്ത് 21-ാം വാർഡിൽ നടക്കുന്ന അനധികൃത പാറഖനനത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി മുപ്പത്തൊന്നാംമൈൽ നിവാസികൾ രംഗത്തെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ.
മുപ്പത്തൊന്നാംമൈൽ, മുണ്ടമറ്റം, പൈങ്ങന, ചിറ്റടി പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കൂടാതെ രണ്ട് സ്കൂൾ, അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്ക് ഭീഷണിയായിട്ടാണ് മുണ്ടക്കയം-പറത്താനം റോഡിൽ ആംഗോ ഗ്രാനൈറ്റിന്റെ എതിർവശത്ത് നൂറേക്കർ പ്രദേശത്ത് അനധികൃത പാറഖനനം ആരംഭിച്ചിരിക്കുന്നത്.
ഏക്കർകണക്കിന് സ്ഥലത്തെ റബർ മരങ്ങൾ വെട്ടിമാറ്റി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഇവിടെ പാറഖനനം ആരംഭിച്ചിരിക്കുന്നത്.
ഓരോ ദിവസവും ലോഡുകണക്കിന് പാറയാണ് ഇവിടെനിന്നു സമീപത്തെ ക്രഷറിലേക്ക് കടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. മലയുടെ മുകളിൽ നടത്തുന്ന അനധികൃത പാറഖനനം തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നതായി കാണിച്ച് പഞ്ചായത്ത്, വില്ലേജ് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കെല്ലാം മുപ്പത്തൊന്നാംമൈൽ സ്വദേശികൾ പരാതി നൽകിയെങ്കിലും ഇതൊന്നും വകവയ്ക്കാതെ പാറഖനനം നിർബാധം തുടരുകയാണ്.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പാറയിൽ വെടി പൊട്ടിക്കരുതെന്നും മരുന്ന് ഒഴിച്ചല്ലാത്ത ഒരു പാറഖനനവും നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇതിനെല്ലാം പുല്ലുവില നൽകിയാണ് കഴിഞ്ഞ ദിവസവും പുലർച്ചെ നാടിനെ നടുക്കംവിധം വലിയ സ്ഫോടനത്തോടെ പാറ പൊട്ടിച്ചത്.
സാധാരണക്കാരായ ആളുകൾ ചെറിയ വീട് വയ്ക്കാൻ അനുമതിക്കായി ചെല്ലുമ്പോൾ നിരവധി നിയമപ്രശ്നങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം കൂട്ടുനിൽക്കുന്നതെന്നും ആക്ഷേപമുണ്ട്. നൂറേക്കറിൽ നടക്കുന്ന അനധികൃത പാറഖനനത്തിന് ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധമുള്ളതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
അനധികൃത പാറഖനനത്തിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളും ഒപ്പം നിയമാനുസൃതമല്ലാത്ത പാറഖനനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.