ആഗോളതാപനം: നഗരകേന്ദ്രീകൃത ചെറുവനങ്ങൾ അനിവാര്യമെന്ന് കിം യാർജല
1512822
Monday, February 10, 2025 3:33 PM IST
അരുവിത്തുറ: ആഗോള താപനം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് നഗരങ്ങൾ നേരിടുന്ന അനവധി പ്രശ്നങ്ങൾക്കു പരിഹാരമാണ് നഗരകേന്ദ്രീകൃതമായ ചെറുവനങ്ങളെന്ന് ഫിൻലൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രഫസറും അന്താരാഷ്ട്ര വന വിദഗ്ധനുമായ പ്രഫസർ കിം യാർജല.
അരുവിത്തുറ സെന്റ് ജോർജസ് കോളജ് സംഘടിപ്പിച്ച അന്താരാഷ്ട്ര വെബ്നാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ വന ഉദ്യാനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
താപനില നിയന്ത്രിക്കാനും വായു, ശബ്ദ മലിനീകരണങ്ങൾ കുറക്കാനും കാർബൺ ആംഗീകരണത്തിനും ചെറുവനങ്ങൾ ഉത്തമമാണെന്ന് അദ്ദേഹം പറഞ്ഞു. പാരീസ്, ഫിൻലൻഡിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലെ ചെറുവനങ്ങൾ ഉദാഹരിച്ചു കൊണ്ടായിരുന്നു അദ്ദേഹം വിവരിച്ചത്.
വെബിനാറിന് ശേഷം ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അൻപതോളം വിദ്യാർഥികളുമായി സംവദിക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. കേരളം പോലെ വ്യാപകമായി നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങൾനേരിടുന്ന പല പ്രശ്നങ്ങൾക്കും നഗര കേന്ദ്രീകൃത ചെറുവനങ്ങൾ മികച്ച പരിഹാരമാണെന്ന് അദേഹം വിദ്യാർഥികളോട് പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, വെബിനാർ കോഓർഡിനേറ്റർ ഡോ. അബിൻ സെബാസ്റ്റ്യൻ, ഡിപ്പാർട്ട്മെന്റ് മേധാവി ജോബി ജോസഫ് എന്നിവരും സംസാരിച്ചു.