പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയം ഇന്നും നാളെയും
1512819
Monday, February 10, 2025 6:39 AM IST
ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം ആഘോഷം ഇന്നും നാളെയും നടക്കും. പെരുന്ന കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. കാവടിയാട്ടവും ഘോഷയാത്രയും പ്രശസ്ത കലാരൂപങ്ങളും ആഘോഷങ്ങള്‍ക്ക് ആവേശം പകരും.
ഇന്നു വൈകുന്നേരം ആറിന് കിഴക്കുഭാഗത്തിന്റെ കാവടി ഘോഷയാത്ര ആരംഭിക്കും. വാഴപ്പള്ളി വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. രാത്രി ഒമ്പതിന് തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 11ന് തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന കാവടി വിളക്ക് കരകം, കാവടി എന്നിവയുടെ അകമ്പടിയോടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തിച്ചേരും.
പുലര്‍ച്ചെ ഒന്നു മുതല്‍ ചെണ്ടമേളം, അഗ്നിക്കാവടി, കരിമരുന്ന് പ്രയോഗം. കിഴക്കേ നടയില്‍ രാത്രി 11.30 മുതല്‍ ദേശവിളക്ക്. 11ന് രാവിലെ ഒമ്പതു മുതല്‍ കുട്ടികളുടെ കാവടി, മയിലാട്ടം, 10.30ന് കാവടി അഭിഷേകം. ഉച്ചകഴിഞ്ഞ്മൂന്നിന് കാവടിയാട്ടം പെരുന്ന മാരണത്തുകാവ് ക്ഷേത്രത്തില്‍നിന്നു പുറപ്പെടും.
പടിഞ്ഞാറ്റുംഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം ആറിന് പമ്പമേളം, ലൈറ്റ് ഷോ, വയലിന് ഫ്യൂഷന്‍. രാത്രി 12ന് കാവടിവിളക്ക് വാസുദേവപുരം ധന്വന്തരീമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. പുലര്‍ച്ചെ ഒന്നിനു അഗ്നിക്കാവടി.
നാളെ രാവിലെ ഒമ്പതിന് കുട്ടികളുടെ കാവടി ശ്രീവാസുദേവപുരം ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. ഉച്ചകഴിഞ്ഞ് 2.30ന് രാമായണം മെഗാ റോഡ് ഷോ (പനച്ചിക്കാവ് ദേവീ ക്ഷേത്രത്തിന് മുന്പില്), മൂന്നിന് കാവടിയാട്ടം (വാസുദേവപുരം ക്ഷേത്രത്തില്‍നിന്ന്), 5.15ന് കാവടി അഭിഷേകം, രാത്രി 10ന് കരിമരുന്ന് കലാപ്രകടനം. നാളെ വൈകുന്നേരം അഞ്ചിന് ദേശസംഗമം നടത്തും.