കാപ്കോസിന്റെ ആധുനിക റൈസ്മിൽ ഒരു വർഷത്തിനുള്ളിൽ
1512789
Monday, February 10, 2025 6:20 AM IST
കോട്ടയം: കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) നബാർഡ് 15.2 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി കൈമാറി.
നെൽകർഷകരുടെ ദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കാപ്കോസിന് നബാർഡ് 76 കോടി ധനസഹായം അനുവദിച്ചിരുന്നു. അതിൽ 20 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസായി കൈമാറിയത്.
സർക്കാരിന് ലഭിച്ച തുക സഹകരണ വകുപ്പ് കൈമാറും. സംസ്ഥാനത്ത് പാലക്കാട് ഒഴികെ എല്ലാ ജില്ലകളും പ്രവർത്തന പരിധിയായുള്ള കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമാണം കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മില്ലിൽ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്കരിക്കാൻ സാധിക്കും.
നബാർഡ് കേരള, ലക്ഷദ്വീപ് റീജണൽ ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ്, കോട്ടയം ഡിജിഎം റെജി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ കെ. ജയകൃഷ്ണൻ, ഓണററി സെക്രട്ടറി കെ.ജെ. അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ എൻ.ഡി. സുരേഷ് ബാബു, പി.പ്രവീൺകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.