നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു; സമരം കടുപ്പിച്ച് നെല്‍ക്കര്‍ഷകര്‍
1512841
Tuesday, February 11, 2025 12:05 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും നെല്‍പ്പാടങ്ങളില്‍ ഓരുവെള്ളം കയറുന്ന അവസ്ഥയ്ക്ക് പരിഹാരം നീളുന്നു. ഉപ്പുരസത്തില്‍ നൂറുകണക്കിന് ഏക്കറുകളിലെ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. ഉപ്പുവെള്ളഭീഷണിക്ക് സത്വര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെല്‍ക്കര്‍ഷകര്‍ കടുത്ത സമരമുറകളിലേക്ക് നീങ്ങുകയാണ്. സംസ്ഥാന നെല്‍ക്കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ മണിയാര്‍ ഡാമിനു മുമ്പില്‍ നെല്‍ക്കര്‍ഷകര്‍ സത്യഗ്രഹം പ്രഖ്യാപിച്ചതോടെ അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മണിയാര്ഡാം ഉടനെ തുറന്ന് ഉപ്പിന്റെ ഗാഢത കുറയ്ക്കുമെന്നുള്ള അറിയിപ്പാണ് സമരസമിതി ഭാരവാഹികള്‍ക്ക് ആലപ്പുഴ കളക്ടറേറ്റില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒന്നരമാസക്കാലമായാണ് കുട്ടനാട്ടിലെയും അപ്പര്ക്കുട്ടനാട്ടിലെയും നെല്‍പ്പാടങ്ങൾ ഓരുവെള്ള ഭീഷണി നേരിടുന്നത്. ഇതുസംബന്ധിച്ച് നെല്‍ക്കര്‍ഷകര്‍ കൃഷി, ജലവിഭവ മന്ത്രിമാര്‍ക്കും പലതവണ നിവേദനം നല്‍കുകയും ആലപ്പുഴ കളക്ടറേറ്റിനു മുമ്പില്‍ പത്തുദിവസത്തോളം നിരാഹാരസമരവും തോട്ടപ്പള്ളി സ്പില്‍വേയ്ക്കു മുമ്പില്‍ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു.
കൃഷി, സിവില്‍ സപ്ലൈസ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ പദ്ധതികള്‍ ആധുനികവത്കരിച്ച് റെഗുലേറ്റ് ചെയ്യാമെന്ന ഉറപ്പിലാണ് നെല്‍ക്കര്‍ഷക സംരക്ഷണ സമിതി ആലപ്പുഴ കളക്ടറേറ്റിനു മുമ്പിലെ സമരം അവസാനിപ്പിച്ചത്.
വെള്ളത്തില്‍ ഉപ്പിന്റെ ഗാഢത കൂടുതലായതിനാല്‍ പാടശേഖരങ്ങളിലേക്ക് കയറ്റാനാവുന്നില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെയാണ് നെല്‍ച്ചെടികള്‍ക്ക് നാശം നേരിട്ടു തുടങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചമുമ്പ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കത്തക്കവിധം പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ജലവൈദ്യുതി പദ്ധതിയില്‍നിന്നും വെള്ളം തുറന്നുവിട്ട് പരിഹാരം കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരമാനവും നടന്നില്ല.
കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി മണിയാര്‍ വൈദ്യുത പദ്ധതി കാര്‍ബറാണ്ടം കമ്പനിയുടെ അധീനതയിലായിരുന്നു. വീണ്ടും വൈദ്യുതി ഉത്പാദന അവകാശം വീണ്ടും ഈ കമ്പനിക്ക് ദീര്‍ഘിപ്പിച്ചു നല്‍കിയതോടെയാണ് കൃഷിമന്ത്രിയുടെ വാക്ക് നടപ്പാക്കാന്‍ കഴിയാതെ പോയതെന്നാണ് നെല്‍ക്കര്‍ഷകര്‍ ആരോപിക്കുന്നത്.
മണിയാര്ഡാം തുറന്ന്
നെല്‍കൃഷി സംരക്ഷിക്കണം
മണിയാര്ഡാം തുറന്നുവിട്ട് കുട്ടനാട്ടിലെ ഓരുവെള്ള ഭീഷണിക്കു പരിഹാരം കാണണം. അല്ലാത്തപക്ഷം മണിയാര്‍ ഡാമിനു മുമ്പില്‍ സത്യഗ്രഹം ഉള്‍പ്പെടെ സമരപരിപാടികള്‍ ശക്തമാക്കും. ഈ പ്രതിസന്ധിയില്‍ നിന്നും കൃഷിമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല.
വി.ജെ. ലാലി-രക്ഷാധികാരി
സോണിച്ചന്‍ പുളിങ്കുന്ന് -ജനറല്‍സെക്രട്ടറി
നെല്‍ക്കര്‍ഷക സംരക്ഷണ സംസ്ഥാന കമ്മിറ്റി