കാട്ടാന ആക്രമണത്തിൽ ഒരു അരുംകൊലകൂടി...
1512840
Tuesday, February 11, 2025 12:05 AM IST
മുണ്ടക്കയം: കിഴക്കൻ മലയോരത്ത് വന്യമൃഗ ആക്രമണത്തിൽ മറ്റൊരു ദുരന്തം കൂടി. തുലാപ്പള്ളിക്ക് സമീപം കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കണമലയ്ക്ക് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേരുടെ മരണം. ഇതിന് പിന്നാലെയാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം ഏഴാം വാർഡ് ചെന്നാപ്പാറ കൊന്പൻപാറ ഭാഗത്ത് ഇന്നലെ വൈകുന്നേരം 5.30 ഓടെ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയയെ (45) കാട്ടാന അരുംകൊല ചെയ്തത്.
വീടിന് സമീപത്തെ അരുവിയിലേക്ക് പോയതായിരുന്നു സോഫിയ. ഏറെ നേരമായിട്ടും അമ്മയെ കാണാഞ്ഞതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ സോഫിയയെ കാണപ്പെടുകയായിരുന്നു.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനുശേഷം വനപാലകരോ അധികാരികളോ സ്ഥലത്തേക്ക് എത്താതിരുന്നത് നാട്ടുകാരിൽ അമർഷത്തിന് ഇടയാക്കി.
കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഏറെ വൈകിയാണ് നാട്ടുകാർക്ക് സോഫിയയുടെ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് എത്തുവാൻ സാധിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചതോടെ മേഖലയിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഉന്നതാധികാരികൾ സ്ഥലത്തെത്താതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
ഇതിനാൽ രാത്രി ഏറെ വൈകിയും മൃതദേഹം ഇവിടെനിന്നു മാറ്റുവാൻ സാധിച്ചിട്ടില്ല. വീണ്ടും ആനയുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ആഴികൂട്ടി കാവലിരിക്കുകയാണ് നാട്ടുകാർ. കൂരിരുട്ടിൽ ഭയാനകമായ സാഹചര്യമാണ് രാത്രിയിൽ ഇവിടെ ഉണ്ടായിരുന്നത്. വനപാലകരുടെ കടുത്ത അനാസ്ഥയാണ് ഈ പ്രദേശത്ത് വന്യമൃഗ ആക്രമണങ്ങൾക്ക് പിന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള യാതൊരു സുരക്ഷാക്രമീകരണങ്ങളും സ്ഥലത്തില്ല.
ടിആർ ആൻഡ് ടി എസ്റ്റേറ്റിലും മതന്പ വനപ്രദേശത്തും കാട്ടാനയും കാട്ടുപോത്തും കടുവയും വിഹരിക്കുകയാണ്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കഴിഞ്ഞ വർഷം റബർ ടാപ്പിംഗ് പോയ തൊഴിലാളി സ്ത്രീ കടുവയെ മുഖാമുഖം കണ്ടു. കാട്ടാനയുടെ ആക്രമണം തുടർച്ചയായി ഉണ്ടായി. ഇതിനൊപ്പമാണ് പന്പ വനപ്രദേശത്തുനിന്നും നൂറോളം കാട്ടുപന്നികളെ വനപാലകർ ലോറിയിൽ കയറ്റി ഈ എസ്റ്റേറ്റിൽ ഇറക്കിവിട്ടത്.
സമീപകാലത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പമാണ് കാട്ടുപോത്തും കാട്ടാനയും മറ്റ് വന്യമൃഗങ്ങളും പ്രദേശത്ത് വിഹരിക്കുന്നത്. നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം സഹിക്കാനാവാതെ ജനങ്ങൾ അങ്ങേയറ്റം വലയുകയാണ്.