കുറവിലങ്ങാട് പള്ളിയിൽ മൂന്നുനോന്പ് തിരുനാൾ : ജൂബിലി കപ്പേളയിൽ പ്രദക്ഷിണസംഗമം
1513125
Tuesday, February 11, 2025 6:37 AM IST
കുറവിലങ്ങാട്: പ്രതീക്ഷയുടെ തീർഥാടകരെന്ന പ്രമേയത്തോടെ ആഗോളസഭയിൽ ക്രിസ്തുജയന്തി ആഘോഷിക്കുന്നതിനിടയിൽ മാർത്തോമ്മായുടെ ഭാരതപര്യടനത്തിന്റെ ഓർമകൾ സമ്മാനിക്കുന്ന ജൂബിലി കപ്പേളയിൽ പ്രദക്ഷിണസംഗമം.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിലെ പ്രദക്ഷിണങ്ങൾ ജൂബിലി കപ്പേളയിൽ സംഗമിക്കുമ്പോൾ അനേകായിരങ്ങളിൽ ക്രിസ്തുജയന്തിയുടെയും മാർത്തോമ്മായുടെയും ഓർമകളിരമ്പി.
ഭാരത അപ്പൊസ്തലനായ മാർത്തോമ്മാ ശ്ലീഹാ എഡി 52ൽ നടത്തിയ ഭാരതപര്യടനത്തിന്റെ സ്മാരകമായാണ് 1952ൽ പള്ളിക്കവലയിൽ കപ്പേള പണിതീർത്തത്. ജൂബിലി കപ്പേള എന്നു പേരിട്ടിരിക്കുന്ന കപ്പേളയിൽ ഈശോമിശിഹായുടെ തിരുവിലാവിൽ വിരൽതൊടുന്ന മാർ തോമ്മാശ്ലീഹായുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുണ്ട്. പരിശുദ്ധ ദൈവമാതാവിന്റെയും മാർ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളാണ് കപ്പേളയിലുള്ള മറ്റ് തിരുസ്വരൂപങ്ങൾ.
പകലോമറ്റം തറവാട് പള്ളി, കുര്യനാട്, കോഴാ സെന്റ് ജോസഫ് കപ്പേള, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങളാണ് ഇടവക ദേവാലയത്തിൽനിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ സംഗമിക്കുന്നത്. തിരുസ്വരൂപങ്ങൾ കപ്പേളയിലേക്ക് പ്രവേശിപ്പിക്കുന്നതിൽപ്പോലും പാരമ്പര്യങ്ങൾ പൂർണമായും പുലർത്തിയാണ് പ്രദക്ഷിണം നടത്തുന്നത്.