നീരൊഴുക്ക് നിലച്ച കുറുന്തുറ പുഴയെ വീണ്ടുമൊഴുക്കാൻ നടപടി സ്വീകരിക്കണം
1512805
Monday, February 10, 2025 6:28 AM IST
തലയോലപ്പറമ്പ്: നാടിനെ ഹരിതാഭമാക്കി കുളങ്ങളിലും കിണറുകളിലും കുളിർ ജലം നിറച്ച് ഒഴുകിയിരുന്ന കുറുന്തറപ്പുഴ മാലിന്യം നിറഞ്ഞ് നീരൊഴുക്കു നിലച്ചതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാകുന്നു. തലയോലപറമ്പ് പഞ്ചായത്ത് ഓഫീസിനു മുൻവശത്തുകൂടി ഒഴുകുന്ന കെവി കനാലിൽ നിന്നാരംഭിച്ച് തലയോലപറമ്പിന്റെ പടിഞ്ഞാറൻ മേഖലയായ കോരിക്കൽ ഭാഗത്ത് കൂടി ഒഴുകി കെവി കനാലിൽ തന്നെ സംഗമിക്കുന്ന കുറുന്തറ പുഴയ്ക്ക് മുന്നു കിലോമീറ്ററോളം ദൈർഘ്യം വരും.
മൂവാറ്റുപുഴയാറിലെ ജലനിരപ്പു കെവി കനാലിലേതിനേക്കാൾതാണതോടെ കെവി കനാലിലെ നീരൊഴുക്കു കുറഞ്ഞു.കെ വി കനാലുമായി ബന്ധപ്പെട്ട് ഒഴുകുന്ന കുറുന്തറപുഴയുടെ ശനിദശ അവിടെ നിന്നാണ് ആരംഭിച്ചത്. കെആർ ഓഡിറ്റോറിയത്തിനു സമീപം കുറുപുഴയ്ക്ക് കുറുകെ ഇടുങ്ങിയ പാലം തീർത്തതോടെ കുറുന്തുറപ്പുഴയുടെ നേരിയനീരൊഴുക്കിനും തടസം നേരിട്ടു. ഈ പാലത്തിനു താഴെ വൻ തോതിൽ ചെളിയും മണ്ണും മാലിന്യങ്ങളും തിങ്ങിയതോടെ പുഴ വെറും വെളളക്കെട്ടായി.
കഴിഞ്ഞ 20 വർഷത്തിനിടയിൽ കുറുന്തുപുഴയെ ഒഴുക്കാൻ സർക്കാർ വിനിയോഗിച്ചത് കോടികളാണ്. പുഴയിലെ മാലിന്യം മുട്ട് തീർത്ത് വെള്ളം വറ്റിച്ച് ആഴത്തിൽ കോരി നീക്കാതെയുള്ള വഴിപാടു ശുചീകരണങ്ങൾ പൊതുപണം പാഴാക്കാനേ ഉപകരിച്ചുള്ളു.
തലയോലപ്പറമ്പിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കുറുന്തുറപ്പുഴയെ വീണ്ടെടുക്കാൻ സമഗ്രമായ പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.