കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറു വീടുകളില്‍ മോഷണം
1512836
Tuesday, February 11, 2025 12:05 AM IST
കടുത്തുരുത്തി: നാട്ടുകാരെ ഭീതിയിലാഴ്ത്തി കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറ് വീടുകളില്‍ മോഷണം. വാതിലുകള്‍ ആയുധം ഉപയോഗിച്ചു തിക്കിത്തുറന്നാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത്.
കോതനല്ലൂരിനും മുട്ടുചിറയ്ക്കും ഇടയിലുള്ള റെയില്‍വേ ലൈന്‍ സമീപത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. എല്ലായിടത്തെയും മോഷണരീതി സമാനമായതിനാല്‍ ഒരുസംഘം തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. പല വീടുകളിലും ആള്‍താമസമില്ലാത്തതിനാല്‍ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കുറുപ്പന്തറ - മുട്ടുചിറ റോഡില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമുള്ള നമ്പ്യാമഠത്തില്‍ ചാക്കോച്ചന്, ആക്കാപ്പറമ്പില്‍ സാബു, മറ്റത്തില്‍ ജോയി, മാഞ്ഞൂര്‍ റെയില്‍വേ മേല്‍പാലത്തിനു സമീപം താമസിക്കുന്ന ഐ സ്പെഷലിസ്റ്റ് നാരായണീയം (പ്രശാന്തി) വീട്ടില്‍ ഡോ. ഷീലാകുമാരി, കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം പറപ്പള്ളില്‍ മേരി ലൂക്കോസ്, കണ്ണീറ്റുമ്യാലീല് ത്രേസ്യാമ്മ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ മൂന്നിന് മാഞ്ഞൂര്‍ ശ്രീവിലാസത്തില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ ജനലിലൂടെ മുറിക്കകത്തേക്ക് ലൈറ്റടിച്ചതിനെത്തുടർന്ന് വീട്ടുകാര്‍ എഴുന്നേറ്റ് ബഹളം വച്ചതോടെ കവര്‍ച്ചാസംഘം രക്ഷപ്പെടുകയായിരുന്നു.
ചാക്കോച്ചന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന കുറുപ്പന്തറ സ്വദേശിയായ സ്പൈസസ് ബോര്‍ഡ് ജീവനക്കാരന് സന്തോഷും കുടുംബവും കഴിഞ്ഞദിവസമാണ് സ്വന്തമായി നിര്‍മിച്ച വീട്ടിലേക്ക് താമസം മാറിയത്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. അലമാരകള്‍ എല്ലാം കുത്തിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്ന ഡോക്യുമെന്റുകളും തുണികളുമെല്ലാം പുറത്തെടുത്തിട്ടിരിക്കുകയാണ്.
സമീപത്തുള്ള സാബു, ജോയി എന്നിവരുടെയും മാഞ്ഞൂരിലെയും കോതനല്ലൂരിലെ രണ്ടു വീടുകളിലും സമാന രീതിയിലാണ് മോഷണം നടന്നിരിക്കുന്നത്. മുന്‍വശത്തെ വാതിലുകളുടെ പൂട്ട് ആയുധം ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ എല്ലായിടത്തും വീടിനകത്ത് പ്രവേശിച്ചത്.
ചാക്കോച്ചന്, സാബു, ജോയി, ത്രേസ്യാമ്മ, ഡോ. ഷീലാകുമാരി എന്നിവരുടെ വീടുകളില്‍ ആള്‍ത്താമസം ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുകയാണ്. പറപ്പള്ളില്‍ വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന മേരി ലൂക്കോസ് (72) കിടന്നുറങ്ങിയ മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടശേഷമാണ് മോഷ്ടാക്കള്‍ അലമാരയും മേശയുമെല്ലാം തുറന്ന് പരിശോധിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. മേരി ലൂക്കോസിനെ മുറിക്കുള്ളിലാക്കി വാതില്‍ പുറത്തുനിന്ന് അടച്ചിട്ടത് ജോലിക്കാരിയെത്തിയാണ് തുറന്നത്. ഡോ. ഷീലാകുമാരിയുടെ തറവാടുവീടിന് സമീപം മറ്റൊരു വീട്ടിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. തറവാട്ട് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കഴിഞ്ഞമാസവും ഈ വീട്ടില്‍ മോഷണം നടന്നിരുന്നു.
ആറു വീടുകളിലായി വാതിലുകളും അലമാരകളും മേശകളും നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രദേശങ്ങളില്‍ ലഭ്യമായ സിസി ടിവി കാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
മോഷണം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് ഇല്ലിക്കല്‍ പറഞ്ഞു. കുറുപ്പന്തറയ്ക്ക് സമീപമുള്ള വീട്ടില്‍നിന്ന് ഇരുപതര പവന് കവര്‍ന്ന കേസിലെ മോഷ്ടാവിനെ പിടികൂടിയതിന് തൊട്ടുപിന്നാലെ വീണ്ടും മോഷണപരമ്പര അരങ്ങേറിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.