ആമ്പലിന്റെ നാട്ടിലേക്ക് അഞ്ചു കോടിയുടെ റോഡ്
1513113
Tuesday, February 11, 2025 6:27 AM IST
കോട്ടയം: ആമ്പലിന്റെ നാട്ടിലേക്ക് ഇനി സുഗമ യാത്ര. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ ഗ്രാമം ആമ്പല്‍ വസന്തത്തിന് ഏറെ പേരുകേട്ട സ്ഥലമാണ്. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
മതിയായ ഗതാഗത സൗകര്യത്തിന്റെ അഭാവം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞിരം - മലരിക്കല്‍ റോഡ് നവീകരിക്കുന്നതിന് തീരുമാനമെടുത്തത്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അഞ്ചു കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മാണം. ബ്ലോക്ക് പാടശേഖരത്തിന്റെ ഭാഗത്ത് 12 മീറ്റര്‍ വീതിയിലാണ് റോഡ്. ഇവിടെ സംരക്ഷണഭിത്തിയും നടപ്പാതയും നിര്‍മിച്ച് മനോഹരമാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇവിടെ സൗകര്യം ലഭിക്കും. 2018ലെ വെള്ളപ്പൊക്കത്തിന്റെ ജലനിരപ്പിനെ അടിസ്ഥാനമാക്കിയാണ് റോഡ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാല്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും റോഡിനു സാധിക്കും. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ ഉദ്ഘാടനം നടത്താണ് അധികൃതരുടെ തീരുമാനം.
റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ റോഡില്‍ വെളിച്ചം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.