വിളവെടുപ്പുകൾ കഴിഞ്ഞു; ഇനി കൂടിവരവുകളുടെ മൂന്നു ദിനരാത്രങ്ങൾ
1512808
Monday, February 10, 2025 6:28 AM IST
കുറവിലങ്ങാട്: വിളവെടുപ്പുകൾ കഴിഞ്ഞ് ഒരുമിച്ചു ചേരുന്ന പുണ്യദിനങ്ങളിലാണ് നാട്. ജീവിതായോധനങ്ങളുടെ പേരിൽ രാജ്യത്തിനു പുറത്തേക്കും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കുടിയേറിയവരെല്ലാം നാട്ടിൽ തിരിച്ചെത്തുന്ന സുന്ദരദിനങ്ങളാണ് നാടിന് മൂന്നു നോമ്പിന്റെ ദിനങ്ങൾ.
പതിറ്റാണ്ടുകൾക്കു മുൻപ് മലബാർ മേഖലയിലേക്കു കുടിയേറിയവരെല്ലാം നാട്ടിൽ തിരികെയെത്താൻ കാത്തിരിക്കുന്നത് തിരുനാൾ വേളയിലാണ്. ആദ്യകാലങ്ങളിൽ മലബാർ മേഖലയിലെ പ്രധാന വിളകളായ കുരുമുളകും കാപ്പിയും വിളവെടുത്താണ് തിരുനാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്തിയിരുന്നത്.
നാട്ടിലും ഇഞ്ചിയും മഞ്ഞളും കുരുമുളകും കാപ്പിയും വിളവെടുത്ത് തിരുനാൾ ആഘോഷങ്ങൾക്കായി ധനസമാഹരണം നടത്തിയിരുന്നത് മുതിർന്ന തലമുറയുടെ ഓർമയിൽ ഇന്നും സജീവമാണ്.
മലബാറിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കും അന്യഭൂഖണ്ഡങ്ങളിലേക്കും കുടിയേറിയതവരും നാട്ടിലെത്തുന്ന അവധി ക്രമീകരിക്കുന്നത് തിരുനാൾ ദിനങ്ങളോടു ചേർത്താണ്.