കാളികാവ് കരക്കാർക്ക് അഭിമാനനിമിഷം
1513126
Tuesday, February 11, 2025 6:37 AM IST
കുറവിലങ്ങാട്: കാളികാവ് കരക്കാർക്ക് തിരുനാളെന്നാൽ അഭിമാന നിമിഷമാണ്. ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്താൽ ധന്യമായ ഇടവകയിലെ തിരുനാളുകളുടെയെല്ലാം നടത്തിപ്പിൽ സുപ്രധാന അവകാശങ്ങൾ പുലർത്തുന്നത് കാളികാവ് കരക്കാരാണ്.
സൂര്യനുദിക്കും മുമ്പേ തിരുസ്വരൂപങ്ങൾ ആഭരണങ്ങൾ ചാർത്തി അണിയിച്ചൊരുക്കുന്നതു മുതൽ കാളികാവ് കരക്കാരുടെ നേതൃത്വവും പങ്കാളിത്തവും ഏറെയാണ്. തിരുസ്വരൂപങ്ങളിൽ ചാർത്തുന്ന ആഭരണങ്ങളുടെ സൂക്ഷിപ്പ് ചുമതലയും കാളികാവ് കരക്കാർക്കെന്നാണ് കീഴ്വഴക്കം. പള്ളി ഓഫീസിന്റെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ കൈക്കാരന്മാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാളികാവ് കരക്കാർക്ക് കൈമാറും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിൽ ആഭരണങ്ങൾ ചാർത്തുന്നത് വൈദികരാണ്.
മറ്റ് തിരുസ്വരൂപങ്ങളിൽ കൃത്യതയോടെ ആഭരണങ്ങൾ കാളികാവ് കരക്കാർ ചാർത്തും. തുടർന്നാണ് ധൂപാർപ്പണവും പ്രാർഥനകളും നടക്കുന്നത്. തിരുനാളിൽ പുലർച്ചെ അഞ്ചിന് മുൻപായി അണിയിച്ചൊരുക്കുന്ന തിരുസ്വരൂപങ്ങൾ പാതിരാത്രിയോടെ തിരികെ ദേവാലയത്തിലേക്ക് മാറ്റുന്നതുവരെയുള്ള സൂക്ഷിപ്പിന്റെ ചുമതലയും കാളികാവ് കരക്കാരുടെ സാന്നിധ്യത്തിലാണ്.
തിരുസ്വരുപങ്ങളും പൊൻ, വെള്ളി കുരിശുകളും സംവഹിക്കുന്നത് കാളികാവിന്റെ തലമുറകൾ പിന്നിട്ട അവകാശമാണ്. 12 തിരുസ്വരൂപങ്ങളാണ് പ്രധാന തിരുനാൾ ദിനത്തിൽ നൂറ്റാണ്ടുകൾ പിന്നിട്ട ഈ അവകാശങ്ങളെ നിറവേറ്റുന്ന കാളികാവിന്റെ ഇളംതലമുറയും പറഞ്ഞറിയിക്കാനാകാത്ത അഭിമാനത്തിലാണ്.