കടുത്തുരുത്തി വലിയപള്ളിയില്‍ പുറത്ത് നമസ്കാരം ഇന്ന്
1513124
Tuesday, February 11, 2025 6:37 AM IST
കടുത്തുരുത്തി: പതിനായിരങ്ങളുടെ ആത്മീയ കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ചു നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. മൂന്നുനോമ്പ് ദിനത്തില്‍ കടുത്തുരുത്തി വലിയപള്ളിയിലെ മാത്രം സവിശേഷ ചടങ്ങായ പുറത്ത് നമസ്കാരം ഇന്നു നടക്കും.
ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം വഹിച്ചുകൊണ്ടു നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ ടൗണ്‍ ഭക്തി നിര്‍വൃതിയിലായി. ഭക്തര്‍ക്ക് ദര്ശനമേകൂന്നതിനായി വര്‍ഷത്തിലൊരിക്കല്‍ മുന്നുനോമ്പ് തിരുനാള്‍ ദിനത്തില്‍ മാത്രമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം പള്ളിക്ക് പുറത്തിറക്കുന്നത്.
പ്രാരഥനാഗീതങ്ങള്ക്കൊണ്ട് മുഖരിതമായ പ്രദക്ഷിണം മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലെത്തി തിരുസ്വരൂപം പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രതിഷ്ഠിച്ചു.
ഇന്ന് പ്രദക്ഷിണമായി മുത്തിയമ്മയെ ദേവലായത്തിലെത്തിച്ചു പുനഃപ്രതിഷ്ഠിക്കുന്നതോടെ ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന് ചുവട്ടില്‍ പുറത്തുനമസ്കാരം ആരംഭിക്കും. വലിയപള്ളിയില്‍ അതിപുരാതന കാലം മുതല്‍ മൂന്നുനോമ്പിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച കരിങ്കല്‍ കുരിശിന്‍ചുവട്ടില്‍ നടത്തുന്ന സമൂഹപ്രാര്ഥനയാണ് പുറത്ത് നമസ്കാരം.
പാപബോധത്തില്‍ നിന്നുള്ള പശ്ചാത്താപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് പുറത്ത് നമസ്കാരത്തിന്റെ ഉള്ളടക്കം. സുറിയാനിയിലുള്ള കാനോന നമസ്കാരത്തിന്റെ ചില ഭാഗങ്ങളാണ് പുറത്ത് നമസ്കാരത്തിന് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ സുറിയാനി ക്രമത്തിലായിരുന്നു ഈ പ്രാര്‍ഥന നടത്തിയിരുന്നത്.
എ ഡി 345 ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ക്നാനായക്കാരുടെ പിന്തലമുറക്കാരായ പൂര്വികന്മാര് തങ്ങള്‍ പുറപ്പെട്ടുപോന്ന മെസപ്പൊട്ടാമിയയിലെ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഈ സഭയില്‍ കാലാന്തരത്തില്‍ നടപ്പിലായതാണ് മൂന്നുനോമ്പാചരണവും കാനോന നമസ്കാരവും.
സര്‍വാധിപനാം കര്‍ത്താവേ ഞങ്ങളിതാ യാചിക്കുന്നു നിന്നോടായ്, നാഥാ കനിയണമേ.... എന്ന് നീട്ടി പാടുമ്പോള്‍ യാചനയും നിസാഹയതയും അതിലൂടെ ദൈവത്തിലുള്ള ആശ്രയഭാവവും മാത്രമാണ് തങ്ങള്‍ക്കിപ്പോള്‍ കൈമുതലായുള്ളത്; തങ്ങളെ അവിടുന്ന് കാത്തുകൊള്ളണമേ എന്ന അഭ്യര്‍ഥന കേള്‍ക്കുമ്പോൾ ഒത്തൊരുമയുടെയും ഒന്നിക്കലിന്റെയും ഒരായിരം തേങ്ങലുകള്‍ ആകാശത്തോളം ഉയരുന്നതായും ദൈവാനുഗ്രഹം പ്രാപിക്കുന്നതിന്റെ അനുഭവം കൈവരുന്നതായും ഏവര്‍ക്കും അനുഭവപ്പെടുന്നു.
പുറത്ത് നമസ്കാര പ്രാര്‍ഥനയില്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗോന്മുഖമായ ഒരനുഭൂതിയാണ് ഉണ്ടാവുകയെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നു രാവിലെ 6.30ന് ലൂര്‍ദ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന, 7.30ന് പള്ളിയില്‍ സുറിയാനി പാട്ടുകുര്‍ബാന, രാത്രി 7.15ന് പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 ന് കരിങ്കല്‍ കുരിശിന്‍ചുവട്ടില്‍ പ്രസംഗം - ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഒമ്പതിന് കരിങ്കല്‍ കുരിശിന് ചുവട്ടില്‍ പുറത്ത് നമസ്കാരം - ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. ഫിലിപ് രാമച്ചനാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 9.45 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, പത്തിന് കപ്ലോന്‍ വാഴ്ച.
നാളെ രാവില ആറിന് വിശുദ്ധ കുര്‍ബാന, ഏഴിന് മലങ്കര റീത്തില്‍ പാട്ടുകുര്‍ബാന - ഫാ.ജയിംസ് പട്ടത്തേട്ട്, പത്തിന് തിരുനാള്‍ റാസ - ഫാ.ജോസ് തറപ്പുതൊട്ടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം - ഫാ. വിന്‍സണ്‍ കുരുട്ടുപ്പറമ്പില്‍, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് നാടകം - തച്ചന്.
13ന് മരിച്ചവരുടെ ദിനത്തില്‍ രാവിലെ 6.45 ന് മരിച്ചവര്‍ക്കു വേണ്ടിയുടെ പാട്ടുകുര്‍ബാന, സിമിത്തേരി സന്ദര്‍ശനം.