ഇന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങാം
1512809
Monday, February 10, 2025 6:37 AM IST
ഗാഗുൽത്തായിൽ ഈശോ മിശിഹ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർഥിക്കാനുള്ള അസുലഭ അവസരം ഇന്ന്. മൂന്ന് നോമ്പ് തിരുനാളിന്റെ ആദ്യദിനമായ ഇന്നു രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കും.
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിലല്ലാതെ ഈ തിരുശേഷിപ്പ് വണങ്ങാനുള്ള ഏക അവസരം ഇന്നുമാത്രമാണ്.
പള്ളിയുടെ വടക്കേയറ്റത്തെ അൾത്താരയിലെ മാർത്തോമ്മാ സ്ലീവാ പേടകത്തിലാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് അതിപൂജ്യമായി സംരക്ഷിച്ചിരിക്കുന്നത്. ഈ അൾത്താരയിൽനിന്ന് പ്രത്യേക പ്രാർഥനകളോടും ധൂപാർപ്പണത്തോടും തിരുശേഷിപ്പ് പുറത്തെടുത്ത് പ്രതിഷ്ഠിക്കും. വാദ്യമേളങ്ങളുടെ അകമ്പിടിയുമുണ്ടാകും.
പാറേമാക്കൽ ഗേവർണദോരച്ചനും കിയാറ്റും മല്പാനും നടത്തിയ റോമാ യാത്രയ്ക്ക് 1778ൽ അങ്കമാലിയിൽ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് അക്കാലത്തെ കുറവിലങ്ങാട് വികാരിയായിരുന്ന പനങ്കുഴയ്ക്കൽ കുര്യേപ്പ് കത്തനാരായിരുന്നു. യാത്രകഴിഞ്ഞെത്തിയ ഗോവർണദോരച്ചൻ കുറവിലങ്ങാട് വികാരിക്ക് നൽകിയതാണ് വിശുദ്ധ കുരിശിന്റെ അംശം. ഇത് അരുളിക്കയിലാണ് സംരംക്ഷിച്ചിരിക്കുന്നത്.