കുന്നംഭാഗം സ്പോര്‍ട്സ് സ്കൂളിന് 27.70 കോടിയുടെ സാങ്കേതിക അനുമതി
1512879
Tuesday, February 11, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: കുന്നംഭാഗം സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. ഈ മാസംതന്നെ ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.
സ്പോര്‍ട്സ് സ്വിമ്മിംഗ് പൂള്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്പോര്‍ട്സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവൃത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്കൂള്‍ കെട്ടിടത്തിനു പകരമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3.70 കോടി ചെലവഴിച്ചു പുതിയ കെട്ടിടം പൂര്‍ത്തിയാക്കി.
പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്കൂളിന്റെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ഹൈസ്കൂളിന്റെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളും സ്പോര്‍ട്സ് സ്കൂളിന്റെ ഏഴുമുതല്‍ പത്തുവരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് സ്കൂള്‍ വിദ്യാർഥികള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്കു മാറ്റുകയും ചെയ്തു. സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും.
കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ വിദ്യാർഥികള്‍ക്കു സ്പോര്‍ട്സ് സകൂള്‍ പ്രവേശനം ലഭിക്കും. സംസ്ഥാനത്ത് നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനു ശ്രമം തുടരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.