മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരുക, സഹായിക്കുക ക്രിസ്തുവും ബുദ്ധനും പകര്‍ന്ന ദര്‍ശനം: ആനന്ദബോസ്
1513114
Tuesday, February 11, 2025 6:27 AM IST
കോട്ടയം: മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേര്‍ന്ന് അവരെ സഹായിക്കുകയെന്നതാണു ക്രിസ്തുവും ബുദ്ധനും പകര്‍ന്നു നല്കിയ ദര്‍ശനമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ‘സഹോദ രൻ’ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ഓര്‍ത്തഡോക്സ് സഭ സമൂഹത്തില്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ പരിഗണിച്ചു പശ്ചിമബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് അവാര്‍ഡ് സഭയ്ക്കു സമ്മാനിക്കുന്നതായി ഗവര്‍ണറുടെ എഡിസി മേജര്‍ കുമാര്‍ പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കാതോലിക്കാ ബാവയ്ക്ക് ഡോ.സി.വി. ആനന്ദബോസ് സമ്മാനിച്ചു. വിവാഹ ധനസഹായത്തിന്റെ ചെക്ക് ഫാ. ജോണ്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി. ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് “മണവാട്ടിക്കൊരു പുടവ’’ എന്ന പദ്ധതിയിലൂടെ ശേഖരിച്ച 100 വിവാഹ സാരികള്‍ മര്‍ത്തമറിയം സമാജം മാവേലിക്കര ഭദ്രാസന സെക്രട്ടറി മേരി വര്‍ഗീസ് ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി.
കാതോലിക്കാബാവായുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പിറന്നാള്‍ കേക്ക് ബാവായും ഗവര്‍ണറും ചേര്‍ന്നു മുറിച്ചു. സഹോദരന് പദ്ധതിയുടെ സുവനീര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ഡോ. സി.വി ആനന്ദബോസിന്റെ പുസ്തകങ്ങളായ ഞാറ്റുവേല, പുത്തനാട്ടം എന്നിവയുടെ പ്രകാശനകര്‍മവും വേദിയില്‍ നടന്നു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 വനിതകള്‍ക്ക് 1 ലക്ഷം രൂപ നല്കാന് വേണ്ടിയാണ് ഒരുകോടി രൂപയുടെ ധനശേഖരണം നടത്തിയതെന്നും അപേക്ഷകള്‍ ലഭിച്ച 110 പേര്‍ക്കും സഹായം നല്‍കുമെന്നും അധ്യക്ഷത വഹിച്ച ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യാക്കോബ് റമ്പാന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ്, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.