സർഗക്ഷേത്രയിൽ അഖില കേരള സെന്റ് ചാവറ പ്രഫഷണല്‍ നാടകമത്സരം യവനിക സീസണ്-4
1510498
Sunday, February 2, 2025 6:28 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ചാരിറ്റബിള്‍ അക്കാദമിക് ആൻഡ് മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് യവനിക സീസണ് 4 അഖില കേരള സെന്റ് ചാവറ പ്രൊഫഷണല്‍ നാടക മത്സരം മേയ് നാലുമുതല്‍ പത്തുവരെ ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ നടത്തും. നാടകരചന, സംവിധാനം, അഭിനയം, രംഗ സജ്ജീകരണം തുടങ്ങി പ്രഫഷണല്‍ നാടകവുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച കലാകാരന്മാരെ കണ്ടെത്തി അംഗീകരിക്കുക, പ്രേത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പ്രഫഷണല്‍ നാടക സമിതികള്‍ സ്ക്രിപ്റ്റിന്റെ മൂന്നു കോപ്പികള്‍ 15ന് മുമ്പായി ഡയറക്ടര്‍, സര്‍ഗക്ഷേത്ര കലാ-സാംസ്കാരിക കേന്ദ്രം, ചെത്തിപ്പുഴ, കുരിശുംമൂട് പിഒ, ചങ്ങനാശേരി 686 104 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. ഏറ്റവും മികച്ചതായി വിദഗ്ധ സമിതി കണ്ടെത്തുന്ന ഏഴുനാടകങ്ങള്ക്കാവും അവതരണാനുമതി ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ അവതരിപ്പിക്കേണ്ടതാണ്.
ഏറ്റവും മികച്ച നാടകത്തിന് 50,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും പ്രശസ്തിപത്രവും, മികച്ച രണ്ടാമത്തെ നാടകത്തിന് 30,000 രൂപയും പ്രശസ്തിപത്രവും നല്‍കും. മികച്ച സംവിധായകന് 15,000 രൂപയും, മികച്ച നടന്, നടി എന്നിവര്‍ക്ക് 10,000 രൂപ വീതവും, മികച്ച രണ്ടാമത്തെ നടന്, നടി, മികച്ച നാടക രചയിതാവ് എന്നിവര്‍ക്ക് 7,500 രൂപ വീതവും കൂടാതെ മികച്ച രംഗസജ്ജീകരണം ഒരുക്കുന്നവര്‍ക്ക് 7500 രൂപയും നല്‍കുന്നതാണ്. ഫോൺ: 8304926481.