കേന്ദ്ര ബജറ്റ്: അവഗണനയുടെ പരിഗണനയിൽ ജില്ലയും
1510366
Sunday, February 2, 2025 4:27 AM IST
കോട്ടയം: കേന്ദ്ര ബജറ്റില്‍ ജില്ലയ്ക്കു സമ്പൂര്‍ണ അവഗണന. റബറും നെല്ലും അടക്കം കൃഷിക്ക് ഒരു സഹായവുമില്ലെന്നു മാത്രമല്ല ജില്ലയുടെ വികസനത്തിനുതകുന്ന പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. റെയില്‍വേ വികസനത്തിനു കാര്യമായ പദ്ധതികളില്ല.
റബര്‍ ബോര്‍ഡിന്റെ ധനസഹായം വര്‍ധിപ്പിച്ചു എന്നതു മാത്രമാണ് ഏക പ്രഖ്യാപനം. ഇതു കര്‍ഷകര്‍ക്ക് എന്തുമാത്രം പ്രയോജപ്പെടുമെന്നറിയില്ല. റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇത്തവണയും അംഗീകരിച്ചില്ല. വില ഉയര്‍ത്താനും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതുമായി ഒരു പ്രഖ്യാപനവുമില്ല.
കാര്‍ഷിക വിള ഇന്‍ഷ്വറന്‍സിന് 3600 കോടി കുറച്ചു. ഇന്‍ഷ്വറന്‍സില്‍ 100 ശതമാനം വിദേശ നിക്ഷേപം കേരളത്തെ ബാധിച്ചേക്കാം. കയറ്റുമതി വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും കയറ്റുമതിയില്‍ 1.6 ശതമാനം വര്‍ധന മാത്രം. ഇറക്കുമതി 5.6 ശതമാനം കൂടി.
റെയില്‍വേയിലും ജില്ലയെ അവഗണിച്ചു. ശബരി പാതയുടെ കാര്യം പരാമര്‍ശിച്ചിട്ടു പോലുമില്ല. കോട്ടയം അടക്കമുള്ള ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ വികസന കാര്യത്തിലും കാര്യമായ ഫണ്ടില്ല. സ്റ്റേഷനുകള്‍ക്ക് കിട്ടുന്ന പൊതുവായ ഫണ്ട് മാത്രമേ ലഭിക്കൂ.
കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രഖ്യാപനം ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ നെല്ലിന്റെ താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ മറന്നു. ടൂറിസം മേഖലയിൽ നിരവധി ഹോം സ്റ്റേകള്‍ കുമരകം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുണ്ട്.
മുദ്രാ ലോണ്‍ പ്രഖ്യാപനം ഈ മേഖലയ്ക്ക് സഹയകരമാകും. ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ സെന്ററുകളും ഡേ കെയറും ആരോഗ്യ രംഗത്ത് വലിയ മാറ്റുമുണ്ടാക്കും. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഇന്റര്‍നെറ്റ് സൗകര്യമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതു ജില്ലയ്ക്ക് പ്രയോജപ്പെടും.
കേന്ദ്ര ബജറ്റില്‍ ജില്ലയെ അവഗണിച്ചതില്‍ ജില്ലയില്‍നിന്നുള്ള എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.