നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് : ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച എങ്ങുമെത്താതെ അവസാനിച്ചു
1510256
Saturday, February 1, 2025 6:55 AM IST
കോട്ടയം: നഗരസഭയിലെ അക്കൗണ്ടുകളില്‍ 211 കോടി രൂപ കാണാനില്ലെന്ന ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം എങ്ങുമെത്താതെ അവസാനിച്ചു. ആദ്യം സംസാരിച്ചത് പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിലാണ്. വിജിലന്‍സ് അന്വേഷണം അറിഞ്ഞിട്ടും മൂടിവച്ചത് അധികൃതര്‍ക്ക് അഴിമതിയിലുള്ള പങ്ക് മറയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചെയര്‍പേഴ്സനും വൈസ്ചെയര്‍മാനും എതിരെ 22 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു നല്കിയ പ്രമേയവും ചര്‍ച്ചയ്ക്കെടുത്തിരുന്നു.
വിഷയത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാര്‍ പറഞ്ഞു. വിഷയം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. ചര്‍ച്ചകള്‍ക്കൊടുവില്‍ താന്‍ കൗണ്‍സിലില്‍ വച്ച റിപ്പോര്ട്ടിലുള്ളതല്ലാതെ കൂടുതലൊന്നും പറയാനില്ലെന്നു സെക്രട്ടറി വ്യക്തമാക്കി.
ഇതോടെ തീരുമാനങ്ങളൊന്നുമില്ലാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ സാബു മാത്യു, എം.പി. സന്തോഷ് കുമാര്‍, പി.ആര്. സോന, വിനു ആര്. മോഹന്‍, ടി.സി. റോയ്, ടി.ആര്. അനില്‍കുമാര്‍, കെ. ശങ്കരന്, സിന്ധു ജയകുമാര്‍, ജോസ് പള്ളിക്കുന്നേല്‍, ടി.എന്‍. മനോജ്, ജിബി ജോണ്‍, എന്‍.എന്‍. വിനോദ്, പി.എന്‍. സരസമ്മാള്‍, എം.എസ്. വേണുക്കുട്ടന്‍, എസ്. ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ക്രമക്കേട്: റിപ്പോര്‍ട്ട് നല്കി സെക്രട്ടറി
കോട്ടയം: നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേടില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച് സെക്രട്ടറി. പ്രാഥമിക പരിശോധനയില്‍ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിക്കണക്കിനു രൂപയുടെ വ്യത്യാസങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയുടെ അക്കൗണ്ടുകളില്‍ 211 കോടി രൂപ കാണാനില്ലെന്ന ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംസ്ഥാന ധനകാര്യ വിഭാഗമോ, നഗരസഭ പ്രത്യേക ടീമിനെ നിയോഗിച്ചോ അന്വഷണം നടത്തുന്നതിന് അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ ആധികാരികമായി കണ്ടെത്താന്‍ കഴിയു. അപാകത കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി തേടാമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രണ്ടുതട്ടില്‍
കോട്ടയം: യുഡിഎഫ് നേതൃത്വം നല്കുന്ന നഗരസഭാ ഭരണസമിതിയില്‍ നേതൃത്വം രണ്ടു തട്ടില്‍. കൗണ്‍സില്‍ യോഗത്തില്‍ പരസ്യമായി ഏറ്റുമുട്ടി ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ വൈസ്ചെയര്മാനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഏകകണ്ഠമായി ശിപാര്‍ശ ചെയ്തുവെന്ന് മിനിറ്റ്സില്‍ എഴുതിയതാണ് ഏറ്റുമുട്ടലിന് ആധാരം. കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായാണ് ആവശ്യമുന്നയിച്ചതെന്നു ചെയര്‍പേഴ്സൺ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞതോടെ വൈസ് ചെയര്മാന് ക്ഷുഭിതനായി.
തുടർന്ന് നഗരസഭയിലെ 35 വര്‍ഷത്തെ കൗണ്‍സിലര്‍മാരുടെ ആസ്തി വിവരം അന്വേഷിക്കണമെന്ന വൈസ് ചെയര്മാന് ബി. ഗോപകുമാർ കത്ത് നല്കി. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ലോകായുക്തയില്‍ സമര്‍പ്പിച്ചിട്ടുള്ള ആസ്തി വിവരങ്ങള്‍ തന്നെയാണോ നിലവിലേതെന്നും അനധികൃത സ്വത്ത് ആരെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്നുള്ളതും ഇ ഡിയോ, സിബിഐയോ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്രതീക്ഷിതമായി ബി. ഗോപകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ കത്ത് നല്‍കിയത്.
1988 ലാണ് താന്‍ ആദ്യമായി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതെന്നു പറഞ്ഞ അദ്ദേഹം നിങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയം തുടങ്ങിയ പാരമ്പര്യമുള്ള ആളാണെന്നും തര്‍ക്കിക്കാന്‍ വരേണ്ടയെന്നും ചെയര്‍പേഴ്സണോടു പറഞ്ഞു. 2000 മുതല്‍ കോട്ടയം നഗരപരിധിയില്‍ നിർമിച്ച ഫ്ളാറ്റുകളുടെയും കൊമേഷ്യല്‍ കെട്ടിടങ്ങളുടെയും നിര്‍മാണത്തില്‍ നടന്ന ചട്ടലംഘനങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.